ഇന്ന് പുലർച്ച പന്ത്രണ്ടരയ്ക്ക് (12.30 AM) ഹാജരാകണമെന്നാണ് നോട്ടീസില്‍ രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് ആ സമയത്ത് തന്നെ കൊല്‍ക്കത്തയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കിഴക്കന്‍ മേഖലാ സ്പെഷ്യല്‍ ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ മനേകയെത്തി.

കൊല്‍ക്കത്ത : ഇന്ന് പുലർച്ചെ പന്ത്രണ്ടരയ്ക്ക് കൊല്‍ക്കത്ത ഇഡി ഓഫീസിന് മുന്നില്‍ സമ്മൺ ( SUMMON ) നോട്ടീസുമായി കാത്തുനില്‍ക്കുന്ന മനേക ഗംഭീറിന്‍റെ ചിത്രമാണ് ഇപ്പോൾ ട്വിറ്ററില്‍ ശ്രദ്ദേയമാകുന്നത്. തൃണമൂല്‍ കോൺഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകനുമായ അഭിഷേക് ബാനർജിയുടെ സഹോദരന്‍റെ ഭാര്യയാണ് മനേക ഗംഭീർ. കല്‍ക്കരി അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് ഹാ‍ജരാകാന്‍ മനേകയ്ക്ക് നോട്ടീസ് നല്‍കിയത്. ഇന്നലെ പുലർച്ച ബാങ്കോക്കിലേക്ക് പോകാന്‍ കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ മനേകയെ ഇഡി ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. 

തുടർന്ന് വീട്ടിലേക്ക് മടങ്ങവേയാണ് പുലർച്ചെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. ഇന്ന് പുലർച്ച പന്ത്രണ്ടരയ്ക്ക് (12.30 AM) ഹാജരാകണമെന്നാണ് നോട്ടീസില്‍ രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് ആ സമയത്ത് തന്നെ കൊല്‍ക്കത്തയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കിഴക്കന്‍ മേഖലാ സ്പെഷ്യല്‍ ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ മനേകയെത്തി. കെട്ടിടത്തിന്‍റെ സുരക്ഷാ ചുമതലയുള്ള സിആർപിഎഫുകാരെ നോട്ടീസ് കാണിച്ചാണ് മനേകയും ഒപ്പമുണ്ടായിരുന്നവരും അകത്തേക്ക് കയറിയത്. എന്നാല്‍ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് നോട്ടീസുമായി ഓഫീസിന് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ മനേക സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. 

ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ഇഡി ഉദ്യോഗസ്ഥർ പ്രതികരിച്ചത്. സംഗതി സമ്മൺ നോട്ടീസില്‍ സമയം അച്ചടിച്ചതിലെ പിഴവാണെന്നാണ് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥർ പറയുന്നത്. പിഎം ( PM ) എന്നതിന് പകരം എഎം ( AM ) എന്ന് തെറ്റായി ടൈപ്പ് ചെയ്തതാണ് എന്നാണ് വിശദീകരണം. ഏതായാലും സംഭവം തൃണമൂല്‍ കോൺഗ്രസ് ഇഡിക്കെതിരെ ആയുധമാക്കുകയാണ്. എന്നാല്‍ ഇഡി മനേകയെ വിടുന്ന മട്ടില്ല. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഹാജരാകാന്‍ രാവിലെ തന്നെ പുതിയ നോട്ടീസ് മനേകയ്ക്ക് ഇഡി നല്‍കിയിട്ടുണ്ട്. ഹാജരാകുമെന്ന് മനേകയും അറിയിച്ചു. മൂന്നാം തവണയാണ് കല്‍ക്കരി അഴിമതി കേസില്‍ ഇഡി മനേകയെ ചോദ്യം ചെയ്യുന്നത്. നേരത്തെ അഭിഷേക് ബാനർജിയെയും ഇഡി കേസില്‍ ചോദ്യം ചെയ്തിരുന്നു.