Asianet News MalayalamAsianet News Malayalam

ലാത്തിയും, ചുറ്റികയും, കല്ലും, വടിയും; ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നേരിട്ടത് ക്രൂര മര്‍ദ്ദനം

മുഖം മറച്ച് ലാത്തിയും, വടികളും, ചുറ്റികയുമായി ക്യാംപസില്‍ എബിവിപി അംഗങ്ങള്‍ അഴിഞ്ഞാടുകയാണെന്നും ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ ട്വീറ്റുകളില്‍ വിശദമാക്കി. ആക്രമി സംഘത്തിലെ ആളുകളുടെ ചിത്രങ്ങളും വീഡിയോകളും ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ പുറത്തുവിട്ടിട്ടുണ്ട്. 
 

ABVP members carried rods, lathis and hammers to attack students alleges JNUSU
Author
New Delhi, First Published Jan 5, 2020, 10:29 PM IST

ദില്ലി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചത് മാരക ആയുധങ്ങള്‍ ഉപയോഗിച്ച്. സബര്‍മതി ഹോസ്റ്റല്‍, മഹി മാണ്ഡ്വി ഹോസ്റ്റല്‍, പെരിയാര്‍ ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ് ഇന്ന് ജെഎന്‍യുവില്‍ ആക്രമം ഉണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ ആളുകള്‍ ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചുവെന്നാണ് ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ വിശദമാക്കുന്നത്. 

എബിവിപിയാണ് അക്രമത്തിന് പിന്നിലെന്ന് ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ ആരോപിച്ചു. കല്ലുകള്‍ എറിഞ്ഞ ശേഷം സബര്‍മതി ഹോസ്റ്റലും ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. പൈപ്പുകളിലൂടെ പെരിയാര്‍ ഹോസ്റ്റലിലേക്ക് കയറിയ സംഘം മുഖം മറച്ചാണ് അക്രമം അഴിച്ച് വിട്ടതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ വിശദമാക്കുന്നു.

മുഖം മറച്ച് ലാത്തിയും, വടികളും, ചുറ്റികയുമായി ക്യാംപസില്‍ എബിവിപി അംഗങ്ങള്‍ അഴിഞ്ഞാടുകയാണെന്നും ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ ട്വീറ്റുകളില്‍ വിശദമാക്കി. ആക്രമി സംഘത്തിലെ ആളുകളുടെ ചിത്രങ്ങളും വീഡിയോകളും ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ പുറത്തുവിട്ടിട്ടുണ്ട്. 

ജെഎന്‍യുവില്‍ നടക്കുന്ന അക്രമം ഞെട്ടിപ്പിക്കുന്നതാണെന്നും കുട്ടികള്‍ക്ക് നേരെ നടന്ന അക്രമം രൂക്ഷമാണെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പറഞ്ഞു. ദില്ലി പൊലീസ് ക്യാംപസില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ അത്യാവശ്യമായി സ്വീകരിക്കണമെന്നും കേജ്‍രിവാള്‍ ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios