ബെംഗലൂരു: റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിന് വിചിത്ര കാരണവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോള്‍. ചിത്ര ദുര്‍ഗയിലെ ശോചനീയമായ റോഡുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്. മോശം റോഡുകളല്ല, നല്ല റോഡുകളാണ് അപകടത്തിന് കാരണമെന്ന് മന്ത്രി വ്യക്തമാക്കി.

നിങ്ങള്‍ നമ്മുടെ ഹൈവേയിലേക്ക് നോക്കൂ. 100-120 കിലോമീറ്റര്‍ വേഗതയിലാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. റോഡ് നല്ലതായതിനാലാണ് ഇത്രയും വേഗത്തില്‍ സഞ്ചരിക്കുന്നത്. അമിത വേഗതയാണ് അപകടമുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഗതാഗത നിയമ ലംഘനത്തിന് വന്‍തുക പിഴയീടാക്കിയതിനോട് തനിക്ക് യോജിപ്പില്ലെന്നും പിഴ കുറക്കണോ എന്ന് കാബിനറ്റാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ പരാമര്‍ശനത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനമുയര്‍ന്നു.