കോയമ്പത്തൂർ സ്വദേശി ശിവകുമാറാണ് സുപ്രീം കോടതിയെ സമീപിച്ചത്. സെന്തിൽകുമാർ എന്ന ശിവകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
ദില്ലി: സന്താനോത്പാദനത്തിനുള്ള ഭരണഘടനാപരമായ അവകാശം ഉറപ്പാക്കണമെന്ന ആവശ്യം പരിഗണിച്ച് ക്രിമിനല്‍ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഗുജറാത്ത് സർക്കാരിന് നോട്ടീസയച്ചു. അഹമ്മദാബാദിലെ അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. വന്ധ്യതാ ചികത്സയ്ക്ക് ഭാര്യയുമായി ഇണചേരണമെന്ന പ്രതിയുടെ ആവശ്യം പരിഗണിച്ച കോടതി, അറസ്റ്റ് താത്കാലികമായി തടഞ്ഞാണ് ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസ് അയച്ചത്.
കോയമ്പത്തൂർ സ്വദേശി ശിവകുമാറാണ് സുപ്രീം കോടതിയെ സമീപിച്ചത്. സെന്തിൽകുമാർ എന്ന ശിവകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് ഗുജറാത്ത് സർക്കാറിന് നോട്ടീസ് അയച്ചത്. താൻ വന്ധ്യതാ ചികിത്സയിലാണെന്ന് തെളിയിക്കുന്ന രണ്ട് മെഡിക്കൽ റിപ്പോർട്ടുകളും സെന്തിൽ കുമാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞ ആറുമാസമായി സെന്തിൽകുമാർ വന്ധ്യതാ ചികിത്സയിലാണെന്നും ചികിത്സ ഫലിക്കാനായി ഭാര്യയുമായി ഇണചേരണമെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി.
കേസിൽ കീഴടങ്ങിയാൽ വന്ധ്യതാ ചികിത്സ വിജയകരമായി പൂർത്തിയാക്കാൻ കഴിയില്ലെന്ന് സെന്തിൽകുമാറിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. തുടർന്നാണ് സെന്തിലിന്റെ അറസ്റ്റ് താൽകാലികമായി സ്‌റ്റേ ചെയ്തത്. അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, എംഎസ് വിഷ്ണു ശങ്കർ, ഒമർ സലീം എന്നിവരാണ് പ്രതിക്കുവേണ്ടി കോടതിയിൽ ഹാജരായത്.
Read More...രജിസ്റ്റർ വിവാഹങ്ങള്‍ക്ക് 30 ദിവസം മുമ്പ് നോട്ടീസ്, വ്യവസ്ഥ റദ്ദാക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീം കോടതി
