മൂന്നാം വയസ്സിൽ അതിക്രൂരമായ ആസിഡ് ആക്രമണത്തിന് ഇരയായ കാഫി, പ്രതിസന്ധികളെ അതിജീവിച്ച് നേടിയ ജയത്തിന് തിളക്കമേറെ. ഐഎഎസ് ഓഫീസറാകണമെന്നാണ് കാഫിയുടെ സ്വപ്നം
ചണ്ഡിഗഡ്: ആസിഡ് ആക്രമണത്തിൽ കാഴ്ച നഷ്ടമായിട്ടും നിശ്ചയദാർഢ്യത്തോടെ പഠിച്ച് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മിന്നുംജയം നേടി 17 വയസ്സുകാരി. ഹരിയാനയിലെ ഹിസാർ സ്വദേശിനിയായ കാഫിയാണ് ആ മിടുക്കി. മൂന്നാം വയസ്സിൽ അതിഭീകരമായ ആസിഡ് ആക്രമണത്തെ അതിജീവിച്ച കാഫി, 95.6 ശതമാനം മാർക്കോടെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയിരിക്കുകയാണ്. സ്കൂളിൽ ഒന്നാമതെത്തിയതും കാഫിയാണ്.
അയൽക്കാരാണ് മൂന്ന് വയസ്സ് മാത്രമുള്ളപ്പോൾ കാഫിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. മുഖത്ത് ഗുരുതരമായ പൊള്ളലേറ്റ കാഫിക്ക് കാഴ്ചശക്തി പൂർണമായും നഷ്ടമായി. തുടർന്നുള്ള വർഷങ്ങളിൽ കാഫി കൂടുതൽ സമയവും ചെലവഴിച്ചത് ആശുപത്രികളിലാണ്. എന്നാൽ വേദനകൾക്കോ വൈകാരികമായ മുറിവുകൾക്കോ കാഫിയുടെ നിശ്ചയദാർഢ്യത്തെ തകർക്കാനായില്ല.
എട്ടാം വയസ്സിൽ ചണ്ഡിഗഡിലെ സെക്ടർ 26-ൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി ബ്ലൈൻഡിൽ പഠനം തുടങ്ങി. ബ്രെയിൽ ലിപി പഠിച്ചു. പുതിയ ലോകവുമായി പൊരുത്തപ്പെടുക എളുപ്പമായിരുന്നില്ലെങ്കിലും പഠിക്കുക എന്ന തീരുമാനം കാഫിയെ മുന്നോട്ട് നയിച്ചു. ബ്രെയിൽ ലിപിയിൽ വേഗത്തിൽ വായിക്കാൻ പഠിച്ച കാഫിക്ക് അസാമാന്യ ഓർമ്മശക്തിയുണ്ടായിരുന്നു. ഭൂമിശാസ്ത്രം, പൊളിറ്റിക്സ് തുടങ്ങിയ വിഷയങ്ങളോടായിരുന്നു കൂടുതൽ പ്രിയം.
പത്താം ക്ലാസ് പരീക്ഷയിൽ 95.02% മാർക്ക് നേടിയതോടെ കാഫി നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. പ്ലസ് ടുവിനും മിന്നും ജയം ആവർത്തിച്ചു. ചരിത്രം, പൊളിറ്റിക്സ്, ഭൂമിശാസ്ത്രം, പെയിന്റിംഗ് എന്നിവയിൽ കാഫി മുഴുവൻ മാർക്കും നേടി. ഡൽഹി സർവകലാശാലയിൽ പൊളിറ്റിക്സ് പഠിച്ച് ഐഎഎസ് ഓഫീസറാകുക എന്നതാണ് കാഫിയുടെ സ്വപ്നം. രാജ്യത്തെ സേവിക്കാനും സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാനുമാണ് കാഫി ആഗ്രഹിക്കുന്നത്.
കാഫിയുടെ എല്ലാ ആഗ്രഹങ്ങൾക്കുമൊപ്പം താങ്ങായി കുടുംബം ഒപ്പമുണ്ട്. സെക്രട്ടേറിയറ്റിലെ പ്യൂണാണ് അച്ഛൻ. മകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുശേഷം തന്‍റെ മനോവീര്യം തകർന്നിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. എന്നാൽ കാഫിയെ പഠിപ്പിക്കുക എന്ന തീരുമാനം ശരിയായിരുന്നുവെന്ന് അവൾ തെളിയിച്ചെന്ന് അച്ഛൻ പറയുന്നു. അവൾ കുുംബത്തിന്‍റെ അഭിമാനമാണെന്ന് അമ്മയും പറഞ്ഞു. മാതാപിതാക്കളുടെ അചഞ്ചലമായ പിന്തുണയ്ക്കും അധ്യാപകരുടെ മാർഗ്ഗനിർദ്ദേശത്തിനും കാഫി നന്ദി പറഞ്ഞു.
കാഫിയുടെ വിജയം കേവലം വ്യക്തപരം മാത്രമല്ല. പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന പെൺകുട്ടികൾക്ക് പ്രചോദനമാണ് കാഫി. പരിമിതികളെ പരിധിയില്ലാത്ത സാധ്യതകളാക്കി മാറ്റി. ഐഎഎസ് എന്ന സ്വപ്നത്തിലേക്ക് അവൾ മുന്നേറുകയാണ്. ആക്രമണങ്ങൾക്ക് മുന്നിൽ പകച്ചുനിൽക്കാതെ വിദ്യാഭ്യാസം നേടി പൊരുതി മുന്നേറുക എന്ന സന്ദേശമാണ് കാഫി ഈ തിളക്കമാർന്ന വിജയത്തിലൂടെ നൽകുന്നത്.