കോഴിക്കോട് ദേവഗിരി പബ്ലിക്ക് സ്ക്കൂൾ വിദ്യാർത്ഥിയായ നന്ദന ഇപ്പോൾ ബ്രില്യൻസിൽ പ്രവേശന പരീക്ഷ പരിശീലനത്തിലാണ്. ഈ വർഷത്തെ ജെ.ഇ.ഇ പരീക്ഷയിൽ സംസ്ഥാനത്ത് പെൺകുട്ടികളിൽ ഒന്നാം റാങ്കും നന്ദന രഞ്ജിഷിനായിരുന്നു.
കോഴിക്കോട്: എഞ്ചിനിയറിങ്ങ് ഗവേഷണ രംഗത്ത് മികച്ച രീതിയിൽ പ്രവർത്തിക്കാനാണ് താൽപര്യമെന്ന് സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കോഴിക്കോട് സ്വദേശി നന്ദന രഞ്ജിഷ്. കോഴിക്കോട് ദേവഗിരി പബ്ലിക്ക് സ്ക്കൂൾ വിദ്യാർത്ഥിയായ നന്ദന ഇപ്പോൾ ബ്രില്യൻസിൽ പ്രവേശന പരീക്ഷ പരിശീലനത്തിലാണ്. ഈ വർഷത്തെ ജെ.ഇ.ഇ പരീക്ഷയിൽ സംസ്ഥാനത്ത് പെൺകുട്ടികളിൽ ഒന്നാം റാങ്കും നന്ദന രഞ്ജിഷിനായിരുന്നു. 500 ല്‍ 499 മാര്‍ക്ക് നേടിയാണ് നന്ദന തിളങ്ങുന്ന വിജയത്തിലേക്ക് എത്തിയത്. 99.8 ശതമാനം മാര്‍ക്കാണ് നന്ദന നേടിയത്. ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളില്‍ നന്ദന മുഴുവന്‍ മാര്‍ക്കും നേടി. ഇംഗ്ലീഷിലാണ് ഒരു മാര്‍ക്ക് നഷ്ടപ്പെട്ടത്.
''എൻട്രൻസ് കോച്ചിംഗിലാണ് പ്രധാനമായിട്ട് ഫോക്കസ് ചെയ്തത്. അതിന്റെ കൂടെത്തന്നെ സ്കൂളും കൊണ്ടുപോകാൻ പറ്റി. സ്കൂളും എൻട്രൻസ് കോച്ചിംഗും ഒരുമിച്ച് കൊണ്ടുപോകാൻ സാധിച്ചത് ഭാഗ്യമായി. മെയിൻ സയൻസ് സബ്ജക്റ്റ്സ് ഒക്കെ എൻട്രൻസ് കോച്ചിംഗിൽ പഠിച്ചു. ഇംഗ്ലീഷിനും കംപ്യൂട്ടറിനും സ്കൂളിൽ നിന്നും മികച്ച പിന്തുണ കിട്ടി.'' നന്ദന ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഇന്നലെയാണ് സിബിഎസ് പ്ലസ് ടൂ ഫലമെത്തിയത്. 88. 39 ആണ് ഈ വർഷത്തെ വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.
കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. ഇന്നലെ 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.