മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പൌരത്വം സ്വീകരിക്കുന്ന വിദേശികളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ ഇന്ത്യക്കാര്‍. ഓസ്ട്രേലിയക്കാരാവുന്നതില്‍ മുന്‍പന്തിയില്‍ ഇന്ത്യക്കാരെന്നാണ്  റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. 2019-2020 ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 38000 ഇന്ത്യക്കാരാണ് ഓസ്ട്രേലിയന്‍ പൌരത്വം സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അറുപത് ശതമാനം അധികമാണ് ഇത് എന്നാ കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ട് ലക്ഷം പേരാണ് 2019-2020 വര്‍ഷത്തില്‍ ഓസ്ട്രേലിയന്‍ പൌരത്വം സ്വീകരിച്ചത്. ഇതില്‍ 38209 പേര്‍ ഇന്ത്യക്കാരാണ്. ഇത്രയും കാലത്തിനിടയ്ക്കുള്ള ഏറ്റവുമുയര്‍ന്നയെണ്ണമാണ് ഇതെന്നാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട്. 

25011 ബ്രിട്ടീഷുകാരും, 14764 ചൈനക്കാരും 8821 പാകിസ്ഥാന്‍കാരും ഈ വര്‍ഷം ഓസ്ട്രേലിയന്‍ പൌരത്വം സ്വീകരിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വിശദമാക്കുന്നു. ഓസ്ട്രേലിയയുടെ സാംസ്കാരിക വൈവിധ്യത്തിലേക്കുള്ള സുപ്രധാന ചുവടാണ് പൌരത്വമെന്നാണ് കുടിയേറ്റ, പൌരത്വ സേവന വിഭാഗത്തിന്‍റെ ചുമതലയിലുള്ള മന്ത്രി അലന്‍ തഡ്ജ് പറയുന്നു. ഓസ്ട്രേലിയന്‍ പൌരന്മാരാകുന്നത് ഇവിടെ താമസിക്കുകയും ജോലി ചെയ്യുകയും മാത്രമല്ലെന്നും രാജ്യത്തിന്‍റെ മൂല്യങ്ങളും ആളുകളോടും കൂറ് പ്രഖ്യാപിക്കുന്നതാണെന്നാണ് മന്ത്രിയുടെ പ്രതികരണം. രാജ്യത്തെ അധികാരം, സ്വാതന്ത്ര്യം, നിയമങ്ങള്‍, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുമെന്നാണ് പൌരത്വം സ്വീകരിക്കുന്നവര്‍ പ്രതിജ്ഞ ചെയ്യുന്നതെന്നും അലന്‍ തഡ്ജ് പറയുന്നു.

പൌരനെന്ന പദവി ഉത്തരവാദിത്തവും അവകാശവും ഒരുപോലെ നല്‍കുന്നതാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധി മൂലം പൌരത്വ സ്വീകരണ ചടങ്ങുകള്‍ ഓണ്‍ലൈനായാണ്  പുരോഗമിക്കുന്നത്. ഇതിനോടകം 60000 പേരുടെ പൌരത്വ സ്വീകരണ ചടങ്ങ് പൂര്‍ത്തിയായതായി എന്‍ഡി ടി വി പറയുന്നു. 2016ലെ ഓസ്ട്രേലിയന്‍ സെന്‍സസ് അനുസരിച്ച് 619164 പേര്‍ തങ്ങള്‍ക്ക് ഇന്ത്യന്‍ പശ്ചാത്തലമുള്ള കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഓസ്ട്രേലിയയിലെ ജനസംഖ്യയുടെ 2.8 ശതമാനം വരും. ഇവരില്‍ 592000 പേര്‍ ജനിച്ചത് ഇന്ത്യയില്‍ തന്നെയാണ്.