ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ 'ലെയ്സ്'; കമ്പനിക്കെതിരെ കർഷകപ്രതിഷേധം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 25, Apr 2019, 4:48 PM IST
Activists Seek Government Intervention In Pepsico Case Against Gujarat potato farmers
Highlights

'ലെയ്സ്' എന്ന ബ്രാൻഡിൽ പെപ്സികോ വിപണിയിൽ എത്തിക്കുന്ന ചിപ്സ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തരം ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനെതിരെയാണ് കേസ്. ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകരിൽ നിന്ന് ഒരു കോടിയിലേറെ രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പെപ്സികോ കേസ് കൊടുത്തത്.

ഗുജറാത്ത്: പെപ്സിക്കോ കമ്പനി വിപണിയിലെത്തിക്കുന്ന പാക്കറ്റ് ചിപ്സ് ബ്രാൻഡ് ആയ 'ലെയ്സ്' ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനെതിരെ ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ പെപ്‍സിക്കോ കേസ് കൊടുത്തിരുന്നു. സബർകന്ദ, ആരവല്ലി ജില്ലകളിലെ പത്തിലേറെ കർഷകർ ഒരു കോടിയിലേറെ രൂപ വീതം നഷ്ടപരിഹാരം വേണം എന്നാവശ്യപ്പെട്ടാണ് ഈ മാസം ആദ്യം പെപ്സികോ കേസ് നൽകിയത്.

2001ലെ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്‍റ് വെറൈറ്റീസ് ആന്‍റ് ഫാർമേഴ്സ് റൈറ്റ് ആക്ട് പ്രകാരം FL2027 എന്നയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യാൻ പെപ്സികോ കമ്പനിക്ക് മാത്രമേ അവകാശമുള്ളൂ എന്ന് കാണിച്ചാണ് നിയമനടപടി. ഇന്ത്യയിൽ  FL2027 എന്ന ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം 2006ൽ പെപ്‍സികോ നേടിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. ബസൻകാന്ത, ആരവല്ലി, സബർകാന്ത ജില്ലകളിലെ ചെറുകിട കർഷകർക്കെതിരെയാണ് കമ്പനി കേസ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച മൊദാസ ജില്ലാ കോടതിയിൽ കേസിന്‍മേൽ വാദം കേൾക്കാനിരിക്കെയാണ് കർഷകർ പൊതുസമൂഹത്തിന്‍റെ പിന്തുണ ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

വിപണിയിൽ കിട്ടിയ വിത്തുപയോഗിച്ചാണ് കർഷകർ ഉരുളക്കിഴങ്ങ് കൃഷി ചെയ്തത്. എന്നാലിപ്പോൾ പെപ്‍സികോ കമ്പനി ഭീമമായ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് നൽകിയ കേസിന് കോടതികയറേണ്ട അവസ്ഥയിലാണ് ഈ കർഷകർ. പ്രശ്നത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. പൗരാവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും കർഷകരുടെ ജീവിതപ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. 194 സാമൂഹ്യപ്രവർത്തകർ സർക്കാർ ഇടപെടൽ ഉണ്ടാകണം എന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയച്ചു.

പ്ലാന്‍റ് വെറൈറ്റി പ്രൊട്ടക്ഷൻ റൈറ്റിൽ നിന്ന് കർഷകരെ ഒഴിവാക്കിയിട്ടുണ്ടെന്നും കാർഷികോത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിൽക്കാത്തിടത്തോളം ഏത് വിളകളും കൃഷി ചെയ്യാൻ കർഷകർക്ക് അവകാശമുണ്ടെന്നുമാണ് ആക്ടിവിസ്റ്റുകളുടെ വാദം. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലും പെപ്സികോ കമ്പനിക്കും ലെയ്സിനും എതിരെ കാമ്പെയ്ൻ തുടങ്ങിയിട്ടുണ്ട്.

loader