സര്‍ക്കാറിനെതിരെയുള്ള വിമര്‍ശങ്ങളില്‍ കഴമ്പുണ്ട്. മനുഷ്യത്വ രഹിതര്‍ക്ക് മാത്രമേ നദിയില്‍ മൃതദേഹം ഒഴുകിയെത്തിയ സംഭവത്തെ അംഗീകരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. 

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് ചലച്ചിത്ര നടനും മുന്‍ എഫ്ടിടിഐ ചെയര്‍മാനുമായ അനുപം ഖേര്‍. കൊവിഡ് വ്യാപനത്തിന് സര്‍ക്കാറിന്റെ കെടുകാര്യസ്ഥത കാരണമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പല വിഷയങ്ങളിലും നരേന്ദ്ര മോദി സര്‍ക്കാറിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നയാളാണ് അനുപംഖേര്‍.

പ്രതിച്ഛായ നിര്‍മിതിയേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാറിന് ചെയ്യാനുള്ള സമയമാണിതെന്ന് എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിസന്ധി നേരിടുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റി. എന്നാല്‍, സര്‍ക്കാറിന്റെ വീഴ്ച മറ്റ് പാര്‍ട്ടികള്‍ അവരുടെ നേട്ടത്തിന് ഉപയോഗിക്കുന്നത് തെറ്റാണ്. സര്‍ക്കാറിനെതിരെയുള്ള വിമര്‍ശങ്ങളില്‍ കഴമ്പുണ്ട്. മനുഷ്യത്വ രഹിതര്‍ക്ക് മാത്രമേ നദിയില്‍ മൃതദേഹം ഒഴുകിയെത്തിയ സംഭവത്തെ അംഗീകരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

ഏറെക്കാലമായി ബിജെപിയെ അനുകൂലിക്കുന്നയാളാണ് അനുപം ഖേര്‍. അദ്ദേഹത്തിന്റെ ഭാര്യ കിരണ്‍ ഖേര്‍ ബിജെപി എംപിയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona