തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ എഫ്ആർആർഒ ആവശ്യപ്പെട്ടു. ഒക്ടോബർ 28-നകം ഇന്ത്യ വിടണമെന്ന നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം.
മുംബൈ: രാജ്യം വിടണമെന്ന നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടൻ ഇമ്രാൻ ഖാൻ. ഓവർസീസ് സിറ്റിസൺ കാർഡും അമേരിക്കൻ പൗരത്വവുമുള്ള ഇമ്രാനോട് രാജ്യം വിടാൻ ആവശ്യപ്പെട്ടത്, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ്. ഇമ്രാന് വേണ്ടി പ്രമുഖ അഭിഭാഷകൻ സുൽഫിക്കർ മേമൻ ഹൈക്കോടതിയിൽ ഹർജി നൽകും.
ഒക്ടോബർ 28-നകം ഇന്ത്യ വിട്ടുപോകണമെന്നാണ് എഫ്ആർആർഒ ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടത്. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കൊക്രോച്ച് ജനതാ പാർട്ടി മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഇമ്രാൻ ഖാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. യുഎസ് പൌരത്വമുള്ള ഇമ്രാൻ ഖാൻ പ്രതിഷേധത്തിൽ പങ്കെടുത്തത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കിരിത് സോമയ്യ പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് ഈ പരാതി എഫ്ആർആർഒ യ്ക്ക് കൈമാറുകയും തുടർന്ന് രാജ്യം വിടാൻ നോട്ടീസ് നൽകുകയുമായിരുന്നു. ഇമ്രാൻ ഖാന്റെ പക്കൽ ഒസിഐ കാർഡ് ഉണ്ടെങ്കിലും അദ്ദേഹത്തിന് പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലെന്നാണ് എഫ്ആർആർഒ യുടെ വാദം. വിദേശികളുടെ പ്രവേശനം, താമസം, സഞ്ചാരം എന്നിവ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് 2025-ലെ സെക്ഷൻ 7 പ്രകാരമാണ് ഈ നാടുകടത്തൽ നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം ഈ നീക്കത്തിനെതിരെ സമാജ്വാദി പാർട്ടി മഹാരാഷ്ട്ര ഘടകം അധ്യക്ഷൻ അബു അസ്മി രംഗത്തെത്തി-"ഇത് തെറ്റായ നടപടിയാണ്. ഇമ്രാൻ ഖാൻ ഈ നാടിന്റെ മകനാണ്. പൗരത്വം മാറിയിട്ടുണ്ടെങ്കിലും ഈ രാജ്യവുമായി അദ്ദേഹത്തിന് ഇപ്പോഴും ബന്ധമുണ്ട്. ഒരുപാട് ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക് പോയിട്ടുണ്ടെങ്കിലും, അവർ ഇന്നും തങ്ങളുടെ മാതൃരാജ്യത്തെ സ്നേഹിക്കുന്നുണ്ട്. അദ്ദേഹം ഇവിടെ വന്ന് എന്തെങ്കിലും അഭിപ്രായം പറഞ്ഞതിന്റെ പേരിൽ, ഇത്തരം കടുത്ത നടപടികൾ സ്വീകരിച്ച് എത്രയും വേഗം രാജ്യം വിടാൻ നിർബന്ധിക്കുന്നത് ശരിയല്ല".
മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ നടനോടൊപ്പം പങ്കാളി ലേഖ വാഷിംഗ്ടണും ബന്ധു സെയ്ൻ മേരി ഖാനും പങ്കെടുത്തിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. പൊലീസ് വാനിനുള്ളിലിരിക്കുന്ന ചിത്രം പിന്നീട് ഇമ്രാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ നഗരത്തിൽ ജീവിക്കുന്ന വ്യക്തി എന്ന നിലയിലാണ് പങ്കെടുത്തതെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കുകയും ചെയ്തു.


