ടിവികെ അധ്യക്ഷൻ വിജയ് തമിഴ്നാട്ടിലെ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. തനിക്ക് വോട്ട് ചെയ്യുന്നത് പോലെ പാർട്ടി സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്ന് വിജയ്
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും സ്ഥാനാർഥിയാകും. സി ജോസഫ് വിജയ് എന്നാണ് ചെന്നൈയിൽ നടന്ന റാലിയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ടിവികെ ജില്ലാ സെക്രട്ടറി വി പി മതിയഴകൻ കരൂരിൽ സ്ഥാനാർഥിയാണ്. കരൂർ ദുരന്തത്തിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട ടിവികെ നേതാവാണ് അദ്ദേഹം. വില്ലിവാക്കം - ആധവ് അർജുന, ഗോപിചെട്ടിപാളയം - കെ എ സെങ്കോട്ടയ്യൻ, തിരുച്ചെങ്കോട് - അരുൺരാജ് ഐആഎസ്, തിരുപ്പരൻകുന്ത്രം - സിടിആർ നിർമൽകുമാർ, ടി നഗർ- ബുസി ആനന്ദ് എന്നിവരാണ് മത്സരിക്കുന്ന മറ്റു പ്രമുഖർ. 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ടിവികെയുടെ തീരുമാനം. മത്സരം ടിവികെയും ഡിഎംകെയും തമ്മിൽ മാത്രമാണെന്നും വിജയ് പ്രഖ്യാപിച്ചു.
വെറുതെ സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിക്കുന്നതല്ലെന്ന് വിജയ് വ്യക്തമാക്കി. ജനങ്ങളുടെ സംരക്ഷകരുടെ പേരുകൾ പ്രഖ്യാപിക്കുന്ന യോഗമാണിത്. ടിവികെ സ്ഥാനാർത്ഥികൾ സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. അവർ കൊള്ളയടിക്കുന്നവരോ അഴിമതിക്കാരോ അല്ലെന്നും വിജയ് അവകാശപ്പെട്ടു. ടിവികെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുന്നത് തനിക്ക് ചെയ്യും പോലെയാണെന്നും തന്നെ പോലെ കണ്ട് എല്ലാ സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്നും വിജയ് അഭ്യർത്ഥിച്ചു. തനിക്കെതിരായ അനീതികൾക്ക് മറുപടി നൽകണം. തമിഴ്നാടിന്റെ ഭാവിക്കായി വോട്ട് ചെയ്യണമെന്നും വിജയ് ആവശ്യപ്പെട്ടു. ലഹരി ഇല്ലാത്ത തമിഴ്നാട്, ഉന്നത വിദ്യാഭ്യാസത്തിനു 20 ലക്ഷം രൂപ എന്നിങ്ങനെയെല്ലാമാണ് വിജയ്‍യുടെ ഗ്യാരണ്ടികൾ. വിസിലിന് വോട്ട് ചെയ്യുക എന്നാണ് തന്റെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.
വടക്കൻ ചെന്നൈയിലെ ഡിഎംകെ കോട്ടയാണ് പെരമ്പൂർ. 2021ൽ ഈ മണ്ഡലത്തിൽ ഡിഎംകെയുടെ ഭൂരിപക്ഷം 54,976 ആണ്. സിറ്റിംഗ് എംഎൽഎ ആർ ഡി ശേഖർ ആണ് ഇവിടെ ഡിഎംകെ സ്ഥാനാർത്ഥി. 1967ന് ശേഷം പെരമ്പൂരിൽ എഐഎഡിഎംകെ ജയിച്ചത് രണ്ട് തവണ മാത്രമാണ്. ഇത്തവണ എഐഎഡിഎംകെ മുന്നണിയിൽ മത്സരിക്കുന്നത് പിഎംകെ ആണ്. ചെന്നൈയിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ള മണ്ഡലം (2,22,792) ആണിത്. എസ്ഐആറിലൂടെ 25 ശതമാനത്തോളം വോട്ടർമാരെ നീക്കി. 2011ൽ നിലവിൽ വന്ന മണ്ഡലമാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ്. 2011ലും 2016ലും എഐഎഡിഎംകെ ജയിച്ചു. 2021ൽ ഡിഎംകെയ്ക്ക് 53,797 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണിത്.

