രാജ്യത്ത് കൂടുതൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഓടിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി 50 ട്രെയിനുകൾ നിർമ്മിക്കും. 24 കോച്ചുകളോട് കൂടിയ ട്രെയിനുകളാണ് നിർമ്മിക്കുന്നത്.
ദില്ലി: രാജ്യത്ത് ദീർഘദൂര യാത്രകൾ സുഗമമാക്കാൻ കൂടുതൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) 50 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമ്മിക്കുമെന്ന് റിപ്പോർട്ട്. 24 കോച്ചുകളോട് കൂടിയ ട്രെയിനുകളാണ് ഐസിഎഫിൻ്റെ പണിപ്പുരയിൽനിന്ന് പുറത്തിറങ്ങുക. കുടുതൽ വേഗതയിലും സൗകര്യങ്ങളോടെയും ദീർഘദൂര സർവീസുകൾ നടത്താനുള്ള ഇന്ത്യൻ റെയിൽവേയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണം.
നിലവിൽ പകൽ സമയങ്ങളിൽ നഗരങ്ങളെ ബന്ധിപ്പിച്ചു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ നടത്തുന്ന സർവീസുകൾ യാത്രക്കാർക്ക് വളരെയധികം ഉപകാരപ്രദമാണ്. ഇതേ മാതൃകയിലുള്ള സ്ലീപ്പർ ട്രെയിനുകൾ കൂടി രാത്രിയിൽ വിന്യസിച്ചു ദീർഘദൂര യാത്രകൾ സൗകര്യപ്രദമാക്കണമെന്ന ആവശ്യം യാത്രക്കാർ ഉന്നയിച്ചിരുന്നു. നിലവിൽ ഹൗറ - കാമാക്യ റൂട്ടിൽ മാത്രമാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുന്നത്.
24 കോച്ചുകളോട് കൂടിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പ്രൊഡക്ഷൻ ഡ്രോയിങ്ങുകൾ പൂർത്തിയായെന്ന് ഐസിഎഫ് ജനറൽ മാനേജർ മനീഷ് അഗർവാൾ അറിയിച്ചു. കോച്ചിൻ്റെ ഘടന അടക്കമുള്ള ഡിസൈനുകളാണ് പൂർത്തിയായിരിക്കുന്നത്.
രാജ്യത്ത് നിലവിൽ 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനാണ് സർവീസ് നടത്തുന്നത്. ഹൗറ - കാമാക്യ റൂട്ടിൽ ഓടുന്ന സ്ലീപ്പർ ട്രെയിനിൽ 11 3 ടയർ എസി കോച്ചുകളും നാല് എസി 2 ടയർ കോച്ചുകളും ഒരു ഫസ്റ്റ് എസി കോച്ചുമാണ് ഉള്ളത്. 24 കോച്ചുകളുള്ള ട്രെയിനിന്, 16 കോച്ചുകളുള്ള ട്രെയിനേക്കാൾ ഒന്നര മടങ്ങ് യാത്രക്കാരെ കൂടി വഹിക്കാനാകുമെന്നാണ് കരുതുന്നത്. 17 എസി 3 ടയർ കോച്ചുകളും അഞ്ച് എസി 2 ടയർ കോച്ചുകളും ഒരു എസി ഫസ്റ്റ് ക്ലാസും കോച്ചും ഒരു പാൻട്രി കാറും ട്രെയിനിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച അന്തിമ വിവരങ്ങൾ റെയിൽവേ പുറത്തുവിട്ടിട്ടില്ല.


