1990 കളില്‍ ബിജെപിയില്‍ തന്നെയാണ് വിജയശാന്തി തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ഇവര്‍ തെലുങ്കാന രാഷ്ട്ര സമിതിയിലേക്ക് ചേക്കേറി
ദില്ലി: കോണ്‍ഗ്രസ് ദിശാബോധം നഷ്ടപ്പെട്ട പാര്‍ട്ടിയാണെന്നും ജനങ്ങളുടെ പാര്‍ട്ടി ബിജെപിയാണെന്നും നടി വിജയശാന്തി. കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ച് ബിജെപിയിൽ ചേർന്ന ശേഷമുള്ള നടിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് വിജയശാന്തി ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബിജെപി പ്രവേശനം.
2014ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വിജയശാന്തി കഴിഞ്ഞയാഴ്ചയാണ് അംഗത്വം രാജി വച്ചത്. ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച പ്രകടനം നടിയുടെ തീരുമാനത്തെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ.
1990 കളില്‍ ബിജെപിയില്‍ തന്നെയാണ് വിജയശാന്തി തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ഇവര്‍ തെലുങ്കാന രാഷ്ട്ര സമിതിയിലേക്ക് ചേക്കേറി. പിന്നീട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. എന്നാല്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് എല്ലാതരത്തിലും ക്ഷീണിച്ചതോടെ കഴിഞ്ഞ കുറച്ചുകാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിജയശാന്തി വിട്ടുനില്‍ക്കുകയായിരുന്നു.
