ദില്ലി: മഹാരാഷ്ട്രയിലെ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് 25000 ഫേസ് ഷീൽഡുകൾ നൽകി ബോളിവുഡ് നടൻ സോനു സൂദ്. സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ സത്പ്രവർത്തിക്ക് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. പൊലീസ് ഉദ്യോ​ഗസ്ഥർക്ക് 25000 ഫേസ് ഷീൽഡുകൾ നൽകിയ സോനു സൂദിന് നന്ദി അറിയിക്കുന്നു. ദേശ്മുഖ് ട്വീറ്റ് ചെയ്തു. ഇവർ ഇരുവരും നിൽക്കുന്ന ചിത്രവും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. 

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8500 ലധികം ആളുകൾക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ ആകെ എണ്ണം 2,84,281 ആയി. ഒരു ദിവസത്ത ഏറ്റവും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.