ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ടുണ്ടാക്കിയ അഘാതത്തിൽ നിന്ന് അദാനിക്ക് ഇന്നും മോചനമില്ല. ഓഹരി വിപണിയിൽ നിന്ന് ഇതിനോടകം 10 ലക്ഷം കോടിയിലേറെ നഷ്ടമായി. 

മുംബൈ : അദാനി ഗ്രൂപ്പിന്‍റെ ഭൂരിഭാഗം കമ്പനികളുടേയും ഓഹരി മൂല്യം ഇന്നും ഇടിഞ്ഞു. പ്രതിസന്ധി രൂക്ഷമായതിനാൽ അടുത്ത ഒരു വർഷത്തേക്ക് വലിയ പണചെലവുള്ള പുതിയ പദ്ധതികൾ കമ്പനി നടപ്പാക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ബോണ്ടുവഴി വൻ തുക സമാഹരിക്കാനുള്ള നീക്കം പാളിയതോടെയാണ് ചിലവ് ചുരുക്കിയുള്ള പരീക്ഷണം. 

ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ടുണ്ടാക്കിയ അഘാതത്തിൽ നിന്ന് അദാനിക്ക് ഇന്നും മോചനമില്ല. ഓഹരി വിപണിയിൽ നിന്ന് ഇതിനോടകം 10 ലക്ഷം കോടിയിലേറെ നഷ്ടമായി. ആ കണക്കിലേക്ക് ഇന്ന് എത്ര ചേർക്കണമെന്ന് മാത്രമാണ് ഇന്ന് അറിയേണ്ടത്. ഓഹരികൾക്കൊപ്പം അദാനിയുടെ ബോണ്ടുകളും അന്താരാഷ്ട്രമാർക്കറ്റിൽ വൻ വീഴ്ചയാണ് നേരിടുന്നത്. എസിസി അംബുജാ സിമന്‍റ്സ് കമ്പനികളെ ഏറ്റെടുക്കാൻ 53,000 കോടി രൂപയാണ് കഴിഞ്ഞ വർഷം അദാനി വ്യായ്പ എടുത്തിട്ടുള്ളത്. ഈ വായ്പ പുനക്രമീകരിക്കുന്നതിന് കരുതൽ ധന ശേഖരത്തിൽ നിന്ന് പണം ഗണ്യമായി ചെലവിടേണ്ട സാഹചര്യത്തിലേക്ക് കമ്പനി എത്തിയെന്നാണ് റിപ്പോർട്ടുകൾ. വിദേശ ബോണ്ടുകളിലൂടെ 41,000 കോടി രൂപ സമാഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് ഉപേക്ഷിക്കേണ്ടി വന്നു. സ്ഥിതി ഈ വിധമെങ്കിൽ അടുത്ത 12 മാസം കൊണ്ട് കമ്പനി ലക്ഷ്യമിടുന്ന വളർച്ച കൈവരിക്കാൻ ഇനി 2 വർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് വിദഗ്ദർ പറയുന്നു. ഈ സമയം വലിയ ബാധ്യതയാവുന്ന പദ്ധതികൾ ഏറ്റെടുക്കുക ബുദ്ധിമുട്ടാവും. 

അതേ സമയം അദാനി വിഷയത്തില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ചര്‍ച്ച വേണമെന്ന ആവശ്യം തള്ളിയതോടെ പ്രക്ഷുബ്ധമായ ലോക് സഭയും രാജ്യസഭയും രണ്ട് മണിവരെ നിര്‍ത്തിവച്ചു. രാജ്യവ്യാപകമായി എല്‍ഐസി, എസ്ബിഐ ഓഫീസുകള്‍ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. അദാനിക്ക് പ്രത്യേക പരിഗണനയില്ലെന്നും, കേരളത്തിലടക്കം പദ്ധതികള്‍ക്ക് അനുമതി നല്‍കിയത് ബിജെപി ഇതര സര്‍ക്കാരുകളാണെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ന്യായീകരിച്ചു.

'ആശങ്കപ്പെടേണ്ട സാഹചര്യമില്ല,എല്‍ഐസിയുടെ നിലനിൽപ്പ് ഏതെങ്കിലും ഒരു കമ്പനിയുടെ പ്രകടനത്തെ ആശ്രയിച്ചല്ല'

ഗാന്ധി പ്രതിമക്ക് മുന്‍പിലെ പ്രതിഷേധത്തോടെ മൂന്നാം ദിനവും പാര്‍മെന്‍റില്‍ പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. അദാനിക്കെതിരെ അന്വേഷണം വേണമെന്നും, വിവാദത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നും ലോക്സഭയിലും, രാജ്യസഭയിലും ആവശ്യമുയര്‍ന്നു. ചര്‍ച്ചയില്ലെന്ന് സഭാധ്യക്ഷന്മാര്‍ വ്യക്തമാക്കിയതോടെ ബഹളം കനത്തു. ഇരുസഭകളും നിര്‍ത്തി വച്ചു. പ്രതിപക്ഷം നിയമത്തെ വെല്ലുവിളിക്കുകയാണെന്നും, സഭയില്‍ നടക്കുന്നത് ജനം കാണുന്നുണ്ടെന്നും രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ കുറ്റപ്പെടുത്തി. 

എല്‍ഐസിയേയും, എസ്ബിഐയേയും ദുരുപയോഗം ചെയത് അദാനി ഗ്രൂപ്പിനെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുന്നുവെന്നാരോപിച്ചാണ് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തിയത്. വിമര്‍ശനം കടുക്കുമ്പോള്‍ ന്യായീകരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വീണ്ടുമെത്തി. അദാനി ഗ്രൂപ്പിന് തുറമുഖങ്ങളും വിമാനത്താവങ്ങളും നല്‍കിയത് ബിജെപി സര്‍ക്കാരുകള്‍ മാത്രമല്ല, കേരളത്തിലും, രാജസ്ഥാനിലും, ഛത്തീസ് ഘട്ടിലും,പശ്ചിമബംഗാളിലും അദാനിഗ്രൂപ്പിന് പദ്ധതികള്‍ കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും അദാനി ഗ്രൂപ്പിന് പദ്ധതികള്‍ കിട്ടിയത് മറ്റ് സര്‍ക്കാരുകള്‍ അധികാരത്തിലിരുന്ന കാലത്താണെന്നും ഒരു ഇംഗ്ലിഷ് വാര്‍ത്താ ചാനലിനോട് ധനമന്ത്രി പറഞ്ഞു. ഇടത് ചിന്താഗതി പുലര്‍ത്തുന്ന മാധ്യമങ്ങളും എന്‍ജിഒകളുമാണ് അദാനിയെ കരിവാരി തേക്കാന്‍ ശ്രമിക്കുന്നതെന്നും ഇതിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും മുഖപത്രമായ ഓര്‍ഗനൈസറിലൂടെ ആര്‍എസ്എസും പ്രതിരോധം തീര്‍ത്തു. 

'പ്രധാനമന്ത്രി അദാനിയുടെ അടുത്ത സുഹൃത്ത്, സാമ്പത്തിക ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നു', മറുപടി പറയണം: എഎപി