ഝാർഖണ്ഡിലെ അദാനി പവർ പ്ലാന്റിലുണ്ടായ സാങ്കേതിക തകരാർ ബംഗ്ലാദേശിലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കി. ഇന്ധനക്ഷാമം മൂലം ഇതിനകം ബുദ്ധിമുട്ടുന്ന രാജ്യത്ത് ഇതോടെ ലോഡ്‌ഷെഡ്ഡിങ് വർധിച്ചു. തകരാർ പരിഹരിക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

ധാക്ക: ഝാർഖണ്ഡിലെ ഗൊദ്ദയിലുള്ള അദാനി പവറിന്റെ 1,600 മെഗാവാട്ട് താപനിലയത്തിലെ ഒരു യൂണിറ്റിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ബംഗ്ലാദേശിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം. വെള്ളിയാഴ്ച ഉണ്ടായ ഈ തിരിച്ചടിയോടെ രാജ്യത്തുടനീളം ലോഡ്‌ഷെഡ്ഡിങ് വർധിച്ചിരിക്കുകയാണ്. രാജ്യത്ത് 136 വൈദ്യുതി നിലയങ്ങളുണ്ടെങ്കിലും കൽക്കരി, ഗ്യാസ്, എണ്ണ എന്നിവയുടെ രൂക്ഷമായ ക്ഷാമം മൂലം ആവശ്യത്തിന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയാതെ ബംഗ്ലാദേശ് ബുദ്ധിമുട്ടുകയാണ്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കാരണം ഇന്ധന ഇറക്കുമതി തടസപ്പെട്ടതോടെ പല പ്ലാന്റുകളുടെയും പ്രവർത്തനം പൂർണമായോ ഭാഗികമായോ നിർത്തിവെച്ചിരിക്കുകയാണ്. സാങ്കേതിക തകരാറിനെക്കുറിച്ച് പ്രതികരിക്കാൻ അദാനി പവർ തയ്യാറായിട്ടില്ലെങ്കിലും, പ്രശ്നം പരിഹരിക്കാൻ 3 മുതൽ 4 ദിവസം വരെ സമയമെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ബോയിലറിലുണ്ടായ തകരാർ പരിഹരിക്കുന്നതിനായി അത് തണുക്കാൻ തന്നെ 48 മണിക്കൂറോളം സമയമെടുക്കും. അതിനാൽ ഊർജ്ജ ഉത്പാദനം സാധാരണ നിലയിലാകാൻ ദിവസങ്ങളെടുക്കുമെന്ന് പവർ ഗ്രിഡ് കമ്പനിയിലെയും ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡിലെയും (BPDB) ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2017-ലാണ് അദാനി പവറുമായി ബി.പി.ഡി.ബി. വൈദ്യുതി കരാറിൽ ഒപ്പുവെച്ചത്.