കാളിഘട്ട് ക്ഷേത്ര സന്ദർശനത്തിനിടെ ദേവിക്ക് വഴിപാടായി സമർപ്പിച്ച പരമ്പരാഗത മീൻ ഭോഗ് (മീൻ തലക്കറി, വറുത്ത മീൻ, ബസന്തി പുലാവ്) കഴിച്ചാണ് സുവേന്ദു അധികാരി ബിജെപിയുടെ നിലപാട് വ്യക്തമാക്കിയത്.
കൽക്കത്ത: കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ നിന്നും ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മത്സ്യവിഭവങ്ങൾ അടങ്ങിയ ഭോഗ് കഴിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ദുർഗ്ഗാ പൂജയുടെയും നവരാത്രിയുടെയും സമയത്ത് ബംഗാളികൾ മാംസാഹാരം കഴിക്കരുതെന്ന ബാഗേശ്വർ ധാം പ്രമുഖ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ (ബാഗേശ്വർ ബാബ) പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സുവേന്ദു അധികാരി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. കാളിഘട്ട് ക്ഷേത്ര സന്ദർശനത്തിനിടെ ദേവിക്ക് വഴിപാടായി സമർപ്പിച്ച പരമ്പരാഗത മീൻ ഭോഗ് (മീൻ തലക്കറി, വറുത്ത മീൻ, ബസന്തി പുലാവ്) കഴിച്ചാണ് സുവേന്ദു ബിജെപിയുടെ നിലപാട് വ്യക്തമാക്കിയത്.
ഹൗറയിലെ ചടങ്ങിൽ സംസാരിക്കവെയാണ് ദുർഗ്ഗാ പൂജ കാലത്ത് മണ്ഡപങ്ങൾക്ക് സമീപം മാംസാഹാരം വിൽക്കരുതെന്നും ബംഗാളി ഹിന്ദുക്കൾ നവരാത്രി കാലത്ത് സസ്യഭുക്കുകളാകണമെന്നും ബാഗേശ്വർ ബാബ ആഹ്വാനം ചെയ്തത്. ബംഗാളി സംസ്കാരത്തിലും ശാക്തേയ പ്രസ്ഥാനത്തിലും (ശക്തി പൂജ) ദേവിക്ക് മീനും ആട്ടിറച്ചിയും നിവേദ്യമായി നൽകുന്നതും പൂജാകാലത്ത് മാംസാഹാരം കഴിക്കുന്നതും ആചാരത്തിന്റെ ഭാഗമാണ്. ബാബയുടെ പ്രസ്താവന വലിയ രീതിയിലുള്ള രാഷ്ട്രീയ-സാമൂഹിക എതിർപ്പുകൾക്ക് വഴിതെളിച്ചു. ഇതോടെ ആളുകൾ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാൻ ഒരു ആത്മീയ നേതാവിനും അവകാശമില്ലെന്നും, ബംഗാളികൾ അവരുടെ പാരമ്പര്യമനുസരിച്ച് മീനും മാംസവും കഴിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സമീക് ഭട്ടാചാര്യ വ്യക്തമാക്കിയിരുന്നു.
അതീവ വിശുദ്ധമായി കരുതുന്ന കൗശികി അമാവാസി ദിനത്തിത്തിൽ ക്ഷേത്രത്തിൽ പ്രാർത്ഥനക്കെത്തിയ സുവേന്ദു അധികാരി, ബംഗാളി പാരമ്പര്യത്തെയും വിശ്വാസത്തെയും സംരക്ഷിക്കുമെന്നും, വ്യക്തിപരമായ ഭക്ഷണ സ്വാതന്ത്ര്യത്തിൽ ബാഹ്യമായ ഇടപെടലുകൾ ആവശ്യമില്ലെന്നുമുള്ള സന്ദേശമാണ് ഇതിലൂടെ നൽകിയതെന്ന് ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി. ക്ഷേത്ര തറയിലിരുന്ന് കാളിഘട്ടിലെ പ്രശസ്തമായ വലിയ മീൻ തലക്കറിയും വറുത്ത മീനും ബസന്തി പുലാവും അടങ്ങുന്ന ഭോഗ് സുവേന്ദു അധികാരി കഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.


