Asianet News MalayalamAsianet News Malayalam

അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിക്കും; പ്രിവിലേജ് കമ്മിറ്റി ശുപാർശ സ്പീക്കർക്ക് കൈമാറും

അമിത് ഷാ രാജ്യത്തെ പ്രധാനമന്തിയെ കുറിച്ച് മോശമായി പറയുന്നത് പ്രതിപക്ഷ നേതാവിന് ചേർന്നതല്ലെന്ന് വിമര്‍ശിച്ചിരുന്നു. മോദിക്കില്ലാത്ത ദേഷ്യം അമിത് ഷായ്ക്ക് എന്തിനാണെന്നായിരുന്നു ചൗധരിയുടെ പരിഹാസം

Adhir Ranjan Chaudhary suspension will be withdrawn Privilege committee decision kgn
Author
First Published Aug 30, 2023, 2:42 PM IST

ദില്ലി: ലോക്‌സഭയിൽ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിക്കും. ഇന്ന് ചേർന്ന പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായത്. ഇന്ന് കമ്മിറ്റിക്ക് മുൻപിൽ ഹാജരായി അധിർ രഞ്ജൻ ചൗധരി തന്റെ ഭാഗം വിശദീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ലോക്സഭാ സ്പീക്കർക്ക് പ്രിവിലേജ് കമ്മിറ്റി കൈമാറും. ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും തന്റെ വാദം ശക്തമായി അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്നുമായിരുന്നു അധിർ രഞ്ജൻ ചൗധരിയുടെ നിലപാട്. ഈ മാസം 11 നാണ് അധിർ രഞ്ജൻ ചൗധരിയെ ലോക്സഭാ സ്പീക്കർ സസ്പെന്റ് ചെയ്തത്.

മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിനിടെ അധിർ രഞ്ജൻ ചൗധരി നടത്തിയ പരാമർശങ്ങളാണ് നടപടിക്ക് കാരണം. മണിപ്പൂർ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് പറഞ്ഞ ചൗധരി, മണിപ്പൂർ കലാപത്തെ ഒരു സംസ്ഥാനത്തെയും അക്രമവുമായി താരതമ്യം ചെയ്യുന്നതില്‍ അർത്ഥമില്ലെന്ന് പറഞ്ഞിരുന്നു. ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടപ്പോൾ ധൃതരാഷ്ട്രർ അന്ധനായിരുന്ന പോലെ ഇന്നും രാജാവ് അന്ധനായിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതോടെയാണ് ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. 

അമിത് ഷാ രാജ്യത്തെ പ്രധാനമന്തിയെ കുറിച്ച് മോശമായി പറയുന്നത് പ്രതിപക്ഷ നേതാവിന് ചേർന്നതല്ലെന്ന് വിമര്‍ശിച്ചിരുന്നു. മോദിക്കില്ലാത്ത ദേഷ്യം അമിത് ഷായ്ക്ക് എന്തിനാണെന്നായിരുന്നു ചൗധരിയുടെ പരിഹാസം. നീരവ് മോദിയെ പരാമർശിച്ച് ഭരണപക്ഷത്തെ ചൗധരി വീണ്ടും പ്രകോപിപ്പിച്ചു. കോടികള്‍ മോഷ്ടിച്ച് നീരവ് മോദി കടന്നു കളഞ്ഞുവെന്നാണ് കരുതിയതെന്നും എന്നാല്‍ മണിപ്പൂരിലെ സംഭവങ്ങള്‍ കണ്ടപ്പോള്‍ നീരവ് മോദി ഇന്ത്യയില്‍ ഉണ്ടെന്ന് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഭരണ പ്രതിപക്ഷ ബഹളം ശക്തമായി. പിന്നാലെയാണ് ചൗധരിയെ സസ്പെന്റ് ചെയ്തുകൊണ്ട് സ്പീക്കർ നിലപാടെടുത്തത്.

Follow Us:
Download App:
  • android
  • ios