Asianet News MalayalamAsianet News Malayalam

ഫ്ലിപ്കാർട്ടും ആമസോണും പ്ലാസ്റ്റിക്കിന്റെ ഉപയോ​ഗം നിർത്തണമെന്നാവശ്യപ്പെട്ട് പതിനാറുകാരൻ

ആദിത്യയുടെ ഹർജി പരി​ഗണിച്ച ഹരിത ട്രൈബ്യൂണൽ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്ര മലിനീകരണ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Aditya Dubeys plea to cut plastic use in Amazon Flipkart
Author
New Delhi, First Published Oct 22, 2019, 11:25 PM IST

ദില്ലി: ഉൽപന്നങ്ങൾ‌ പൊതിയാന്‍ പ്ലാസ്റ്റിക്ക് അമിതമായി ഉപയോ​ഗിക്കുന്നത് നിർത്തണമെന്ന് ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് പതിനാറുവയസ്സുകാരന്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ (എൻജിടി) സമീപിച്ചു. ദില്ലി മോഡേൺ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആദിത്യ ദുബെയാണ് എൻജിടിയെ സമീപിച്ചത്. ഫ്ലിപ്കാർട്ട്, ആമസോൺ എന്നീ ഓൺലൈൻ ഷോപ്പിങ് ഭീമൻമാർക്കെതിരെയാണ് ആദിത്യ ഹർജി സമർപ്പിച്ചത്.

ഇ-കോമേഴ്സ് കമ്പനികളെല്ലാം 2016 ലെ പ്ലാസ്റ്റിക് മാലിന്യ നിർമാർജന ചട്ടപ്രകാരം പ്രവൃത്തിക്കുന്നയാണ്. എന്നാൽ, നിരീക്ഷണത്തിന്റെയും നടപ്പാക്കലിന്റെയും അഭാവം കാരണം ഉത്പന്നങ്ങൾ‌ പൊതിയുന്നതിന് അമിതമായ അളവിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് തുടരുകയാണെന്ന് ആദിത്യ ഹർജിയിൽ വ്യക്തമാക്കി. മനീഷ് ദുബെ, ദിവ്യ പ്രകാശ് പാണ്ഡെ എന്നീ അഭിഭാഷകർ വഴിയാണ് ‌ആദിത്യ ഹർജി ഫയൽ ചെയ്തത്.

ഉപഭോക്താക്കൾ ഓർഡർ ചെയ്ത ഉത്പന്നങ്ങൽ പൊതിഞ്ഞു കൊണ്ടുവരുന്ന കാർഡ് ബോർഡുകൾ ഉത്പന്നത്തിനെക്കാളും വളരെ വലുതായിരിക്കും. ചെറിയ ഓർഡറുകൾ വലിയ രീതിയിൽ പ്ലാസ്റ്റിക് കവറുകൾ ഉപയോ​ഗിച്ച് പൊതിഞ്ഞാണ് കൊണ്ടുവരുന്നത്. അതും ഒരുതവണ മാത്രം ഉപയോ​ഗിക്കാവുന്ന പ്ലാസ്റ്റിക്ക് കവറുകളായിരിക്കും പൊതിയാനായി ഉപയോ​ഗിച്ചിരിക്കുന്നതെന്നും ആദിത്യ പറഞ്ഞു.

ആദിത്യയുടെ ഹർജി പരി​ഗണിച്ച ഹരിത ട്രൈബ്യൂണൽ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്ര മലിനീകരണ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻജിടി ചെയർപേഴ്സൺ ജസ്റ്റിസ് ആദർശ് കുമാർ ​ഗോയാൽ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. 2020 ജനുവരി മൂന്നിന് ഹർജിയിൽ വാദം കേൾക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios