ആഗ്ര : ഉത്തർ പ്രദേശിലെ ഹാഥ്റസിലെ ഒരു മസാല നിർമാണ ഫാക്ടറിയിൽ  തിങ്കളാഴ്ച രാത്രി നടത്തിയ മിന്നൽ പരിശോധനയിൽ, 300 കിലോഗ്രാം മായം ചേർത്ത മസാലക്കൂട്ടുകൾ പിടികൂടി  അധികൃതർ. 

2002 -ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ മണ്ഡൽ സഹപ്രഭാരി പദവിയിലുള്ള അനൂപ് വർഷ്നെ ആണ് ഫാക്ടറിയുടെ ഉടമ എന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ‌ഹാഥ്റസിലെ നവിനഗർ പ്രദേശത്തുള്ള ഈ ഫാക്ടറിയിൽ നിന്ന് അധികൃതർ മായം കലർത്തിയ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ പിടികൂടി. ഈ പൊടികളിൽ ചേർക്കാനായി കരുതിയിരുന്ന കഴുതച്ചാണകം, വൈക്കോൽ, ആസിഡ്, കടുത്ത നിറങ്ങൾ, എന്നിങ്ങനെ പലയിനം മായക്കൂട്ടുകളും റെയ്ഡിനിടെ അധികൃതർ പിടികൂടി. 

27 സാമ്പിളുകൾ ശേഖരിച്ച് പൊലീസ് വിശദമായ പരിശോധനയ്ക്ക് ഹെൽത്ത് ലാബിലേക്ക് അയച്ചിട്ടുണ്ട്. അറസ്റ്റു ചെയ്ത ഫാക്ടറിയുടമയെ റിമാൻഡ് ചെയ്ത് സബ്ജയിലിലേക്കും പറഞ്ഞുവിട്ടിട്ടുണ്ട്.