ദില്ലി: ചീഫ് ജസ്റ്റിസ് താഹില്‍രമണിയെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് മദ്രാസ് ഹൈക്കോടതിക്ക് മുന്നില്‍ അഭിഭാഷകര്‍ പ്രതിഷേധിച്ചു. നൂറുകണക്കിന് അഭിഭാഷകരാണ് പ്രതിഷേധവുമായി ഹൈക്കോടതിക്ക് മുമ്പില്‍ തടിച്ചുകൂടിയത്. ചീഫ് ജസ്റ്റിസിന്‍റെ സ്ഥലം മാറ്റം കൃത്യമായ കാരണം വ്യക്തമാക്കാതെയാണ്, ഈ തീരുമാനം പുനഃപരിശോധിക്കാന്‍ കൊളീജിയം തയാറാകണമെന്നുമാണ് അഭിഭാഷകരുടെ ആവശ്യം.  

അതേസമയം രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും രാജിക്കത്ത് നല്‍കിയ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമണി ഇന്ന് കോടതി നടപടികളില്‍ നിന്ന് വിട്ട് നിന്നു. താഹില്‍ രമണിയുടെ വസതിയിലെത്തി തമിഴ്നാട് നിയമമന്ത്രി സി വി ഷണ്‍മുഖം രാജി തീരുമാനം പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും രാജികാര്യത്തില്‍ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് താഹില്‍രമണി.

‌രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളായ താഹിൽരമണിയെ രാജ്യത്തെ ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയയിലേക്ക് മാറ്റിയത് വലിയ ചർച്ചയായിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ 75 ജഡ്ജിമാരുള്ളപ്പോൾ മേഘാലയയിൽ മൂന്ന് പേർ മാത്രമാണ് ഉള്ളത്. വ്യക്തമായ കാരണം പറയാതെയാണ് ചീഫ് ജസ്റ്റിസ് താഹിൽ രമണിയെ മേഘാലയ ഹൈക്കോടതിയിലേക്കു മാറ്റാൻ രണ്ട് ദിവസങ്ങൾക്ക് മുമ്പ് കൊളീജിയം തീരുമാനിച്ചത്.

മേഘാലയ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് എ കെ മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്കും മാറ്റിയിരുന്നു.
മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കീസ് ബാനുക്കേസില്‍ അടക്കം വിധി പറഞ്ഞത് താഹില്‍രമണിയാണ്. പതിനൊന്ന് പ്രതികളെ വിട്ടയ്ക്കാനുള്ള കീഴ്ക്കോടതി തീരുമാനം റദ്ദാക്കിയായിരുന്നു മുംബൈ ഹൈക്കോടതിയുടെ വിധി.