ജംഷേദ്പുർ ഈസ്റ്റ് നിയോജകമണ്ഡലത്തിലെ 286-ാംനമ്പർ പോളിങ് സ്റ്റേഷനിലെ വോട്ടർപട്ടികയിലാണ് അഫ്​ഗാൻ സ്വദേശികളുടെ പേരുകളുമുള്ളത്. അഫ്​ഗാനിസ്ഥാൻ സ്വദേശികളായ അസിൽ ഖാൻ, മുഹമ്മദ് അസ്ലം, മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് 30,31,33 സീരിയൽ നമ്പറുകളിലായി പട്ടികയിലുള്ളവർ.

റാഞ്ചി: ജാർഖണ്ഡിലെ വോട്ടർപട്ടികയിൽ അഫ്​ഗാൻ പൗരന്മാരും. എസ്ഐആർ(തീവ്രവോട്ടർപട്ടിക പരിഷ്കരണം) നടപടികൾക്കിടെയാണ് മൂന്ന് അഫ്​ഗാനിസ്ഥാൻ സ്വദേശികളുടെ പേരുകൾ വോട്ടർപട്ടികയിൽ കണ്ടെത്തിയത്. ഇതോടെ സർക്കാരിനെതിരേ പ്രതിപക്ഷവും രം​ഗത്തെത്തി.

ജംഷേദ്പുർ ഈസ്റ്റ് നിയോജകമണ്ഡലത്തിലെ 286-ാംനമ്പർ പോളിങ് സ്റ്റേഷനിലെ വോട്ടർപട്ടികയിലാണ് അഫ്​ഗാൻ സ്വദേശികളുടെ പേരുകളുമുള്ളത്. അഫ്​ഗാനിസ്ഥാൻ സ്വദേശികളായ അസിൽ ഖാൻ, മുഹമ്മദ് അസ്ലം, മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് 30,31,33 സീരിയൽ നമ്പറുകളിലായി പട്ടികയിലുള്ളവർ. വോട്ടർപട്ടിക പരിഷ്കരണത്തിനിടെയാണ് ഇവരുടെ പേരുകൾ കണ്ടെത്തിയത്. മൂവരും അഫ്​ഗാൻ സ്വദേശികളാണെന്ന് സ്ഥിരീകരിച്ചതോടെ ഇവരുടെ പേരുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്തു. സംഭവത്തിൽ അന്വേഷണം നടത്താനും ഉത്തരവാദികൾക്കെതിരേ നടപടി സ്വീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ജംഷേദ്പുർ ഡെപ്യൂട്ടി കമ്മീഷണർ, എസ്എസ്പി തുടങ്ങിയവർക്കാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. കുറ്റക്കാർക്കെതിരേ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

അതേസമയം, വിഷയത്തിൽ ജെഎംഎം-കോൺ​ഗ്രസ് സർക്കാരിനെതിരേ പ്രതിപക്ഷമായ ബിജെപി രം​ഗത്തെത്തി. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാ​ഗമായി ബം​ഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ വോട്ടർപട്ടികയിൽ ചേർക്കാൻ സർക്കാർ ശ്രമം നടത്തുന്നതായി ബിജെപി നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നതായി പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വർമ പറഞ്ഞു. ഈ ശ്രമങ്ങളുടെ ഭാ​ഗമായാണ് അഫ്​ഗാൻ പൗരന്മാരും വോട്ടർപട്ടികയിൽ ഇടംപിടിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ കർശന നടപടി വേണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.