2002-ലെ വോട്ടർ പട്ടികയിലെ പേരും നിലവിലെ പട്ടികയിലെ പേരും വ്യത്യസ്തമാണെന്നും അതിനാൽ ബന്ധപ്പെട്ട രേഖകളുമായി ഹിയറിങ്ങിന് ഹാജരാകണമെന്നുമാണ് നിർദേശം. 2002-ലെ വോട്ടർപട്ടികയിൽ പ്രൊഫ. സി.എൻ.ആർ. റാവു (Prof C N R Rao) എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ബെംഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന് എസ്ഐആർ(തീവ്ര വോട്ടർപട്ടിക പരിഷ്കരണം) നടപടികളുടെ ഭാഗമായുള്ള ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ്. വോട്ടർപട്ടികയിലെ പേരിലെ ചേർച്ചയില്ലായ്മ കാരണമാണ് 92-കാരനായ സി.എൻ.ആർ. റാവുവിന് ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്.
2002-ലെ വോട്ടർ പട്ടികയിലെ പേരും നിലവിലെ പട്ടികയിലെ പേരും വ്യത്യസ്തമാണെന്നും അതിനാൽ ബന്ധപ്പെട്ട രേഖകളുമായി ഹിയറിങ്ങിന് ഹാജരാകണമെന്നുമാണ് നിർദേശം. 2002-ലെ വോട്ടർപട്ടികയിൽ പ്രൊഫ. സി.എൻ.ആർ. റാവു (Prof C N R Rao) എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, നിലവിലെ വോട്ടർപട്ടികയിൽ പ്രൊഫസർ എന്നതിൽ ഒരു 'എഫ്' കൂടിപ്പോയി. Proff C N R Rao എന്നാണ് നിലവിലെ പട്ടികയിലെ പേര്. ഈ അക്ഷരത്തെറ്റ് തിരുത്താനായി ബന്ധപ്പെട്ട തിരിച്ചറിയൽ രേഖകളുമായി മല്ലേശ്വരത്തെ കേന്ദ്രത്തിൽ നേരിട്ട് ഹിയറിങ്ങിന് ഹാജരാകാനാണ് നോട്ടീസിലെ നിർദേശം.
പ്രമുഖ ശാസ്ത്രജ്ഞനായ സി.എൻ.ആർ. റാവുവിനെ 2014-ലാണ് ഭാരതരത്ന പുരസ്കാരം നൽകി രാജ്യം ആദരിച്ചത്. പത്മശ്രീ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.


