ഷിംല: ഹിമാചല്‍പ്രദേശ് ആസ്ഥാനമായ ഷിംലയിലെ പ്രസിദ്ധമായ ക്രൈസ്റ്റ് ദേവാലയത്തില്‍ 38 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്  ക്രിസ്തുമസ് ദിനത്തില്‍ ദേവാലയ മണി മുഴങ്ങിയത്. 150 വർഷം പഴക്കമുള്ള ദേവാലയമണി തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് മൂന്നരപതിറ്റാണ്ടിലധികമായി കേടായ അവസ്ഥയിലായിരുന്നു. ഇത് നന്നാക്കാന്‍ ആവശ്യമായ ഭാഗങ്ങള്‍ കിട്ടാതെ വന്നതും സാമ്പത്തിക ബുദ്ധിമുട്ടും കാരണം ഉപയോഗ യോഗ്യമാക്കാന്‍ കാലതാമസം വന്നതായിരുന്നു.

മണി പുതുക്കിപ്പണിത് പ്രവർത്തന സജ്ജമാക്കിയതായി റിട്ടയേർഡ് മെക്കാനിക്കൽ എഞ്ചിനീയറായ വിക്ടർ ഡീൻ സാക്ഷ്യപ്പെടുത്തുന്നു. പുതുക്കിപ്പണിയുന്നതിനുള്ള വസ്തുക്കളിൽ ചിലത് ഷിംലയിൽ തന്നെ നിർമ്മിക്കുകയും മറ്റ് ചിലത് ചണ്ഡീ​ഗണ്ഡിൽ നിന്ന് വരുത്തുകയും ചെയ്തു.  20 ദിവസങ്ങൾകൊണ്ടാണ് ദേവാലയമണി പുനർനിർമ്മാണം പൂർത്തിയാക്കിയതെന്ന് ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു.1857 ല്‍ ബ്രിട്ടീഷുകാരാണ് ​ഗോഥിക് ശൈലിയിൽ ദേവാലയം പണികഴിപ്പിച്ചത്. മീററ്റിലെ സെന്‍റ് ജോണ്‍സ് ദേവാലയത്തിന് ശേഷം ഉത്തരേന്ത്യയില്‍ പണികഴിപ്പിച്ച രണ്ടാമത്തെ കത്തോലിക്ക ദേവാലയമാണ് ക്രൈസ്റ്റ് ചര്‍ച്ച്.1844 ല്‍ നിര്‍മ്മാണം ആരംഭിച്ച ദേവാലയം പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 1857-ലാണ് പൂര്‍ത്തിയായത്.