പ്രൈമറി സ്കൂളുകളിൽ ത്രിഭാഷ നയം ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കുന്നതായാണ് മഹാരാഷ്ട്ര സർക്കാർ

മുംബൈ: പ്രതിഷേധം വ്യാപകമായതിന് പിന്നാലെ സ്കൂളുകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ. പ്രൈമറി സ്കൂളുകളിൽ ത്രിഭാഷ നയം ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കുന്നതായാണ് മഹാരാഷ്ട്ര സർക്കാർ ‌ഞായറാഴ്ച വിശദമാക്കിയത്. വാർത്താ സമ്മേളനത്തിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഇക്കാര്യം വിശദമാക്കിയത്. ത്രിഭാഷ നയം എപ്രകാരം പ്രയോഗത്തിൽ വരുത്താമെന്നതിൽ നിർദ്ദേശം സമ‍ർപ്പിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ദേവേന്ദ്ര ഫട്നാവിസ് വിശദമാക്കി.

മൂന്ന് മാസത്തിനുള്ളിൽ നിർദ്ദേശം സമർപ്പിക്കാനാണ് വിദ്യാഭ്യാസ വിദഗ്ധനായ ഡോ. നരേന്ദ്ര ജാദവിന്റെ നേതൃത്വത്തിലുള്ള സമിതിയ്ക്ക് നൽകിയിരിക്കുന്ന നി‍ർദ്ദേശം. ഒന്നാം ക്ലാസ് മുതൽ ത്രിഭാഷ നയം പ്രാവ‍ർത്തികമാക്കാൻ നിർദ്ദേശിച്ച് ഏപ്രിലിലും ജൂണിലുമായി സർക്കാർ നൽകിയ നിർദ്ദേശമാണ് പിൻവലിച്ചിരിക്കുന്നത്. പുതിയ സമിതി നിർദ്ദേശിക്കുന്നത് അനുസരിച്ചാവും ത്രിഭാഷ നയത്തിലെ തീരുമാനമെന്നും മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി. മറാത്തി വിദ്യാർത്ഥികളുടെ താൽപര്യം പരിഗണിച്ചാണ് തീരുമാനമെന്നാണ് സർക്കാർ വിശദമാക്കുന്നത്. 

ഒന്നുമുതൽ അഞ്ചാം ക്ലാസു വരെ മറാത്തിക്കും ഇംഗ്ലീഷിനും ഒപ്പം ഹിന്ദി നിർബന്ധമാക്കുന്നതായിരുന്നു ഏപ്രിലിൽ നൽകിയ നിർദ്ദേശം. ജൂണിൽ ഈ നിർദ്ദേശത്തിൽ ചെറിയ മാറ്റം വന്നിരുന്നു. ശിവസേന, എംഎൻഎസ്, എൻസിപി(എസ്പി) അടക്കമുള്ള പാർട്ടികളിൽ നിന്ന് പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് തീരുമാനം പിൻവലിച്ചത്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ശിവസേന ജൂലൈ 5ന് സംയുക്ത മാർച്ചിന് ആഹ്വാനം ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം