വിനായക് മെഡികെയര്‍ എന്ന സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുള്ള ഒരാളെ കാണാനെത്തിയതായിരുന്നു മേയര്‍

ലക്നൌ: ഐസിയുവില്‍ ഷൂ ധരിക്കുന്നത് വിലക്കിയതിന് പിന്നാലെ ആശുപത്രിയിലേക്ക് ബുള്‍ഡോസര്‍ എത്തിച്ച് മേയര്‍. ഉത്തര്‍ പ്രദേശിലെ ലക്നൌവ്വിലെ ആശുപത്രിയിലാണ് സംഭവം. ബിജെപി മേയറായ സുഷമ ഖാര്‍ക്വാളാണ് സ്വകാര്യ ആശുപത്രിയിലേക്ക് ബുള്‍ഡോസര്‍ എത്തിച്ചത്. തിങ്കളാഴ്ചയാണ് ഐസിയുവില്‍ കയറുന്നതിനേ ചൊല്ലി ആശുപത്രി ജീവനക്കാരും മേയറും തമ്മില്‍ തര്‍ക്കമുണ്ടായത്.

വിനായക് മെഡികെയര്‍ എന്ന സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുള്ള ഒരാളെ കാണാനെത്തിയതായിരുന്നു മേയര്‍. ഷൂ ധരിച്ച് ഐസിയുവില്‍ കയറാന്‍ ശ്രമിച്ചത് അധികൃതര്‍ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. തര്‍ക്കം രൂക്ഷമായതോടെ എന്‍ഫോഴ്സ്മെന്‍റ് ടീമിനോട് ആശുപത്രിയിലേക്ക് എത്താന്‍ മേയര്‍ നിര്‍ദേശിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സ്ഥലത്തേക്ക് പൊലീസ് എത്തിയതിന് പിന്നാലെ ബുള്‍ഡോസര്‍ മടക്കി അയയ്ക്കുകയായിരുന്നു. സുരേന്‍ കുമാര്‍ എന്ന വിമുക്ത ഭടനെ കാണാനെത്തിയതായിരുന്നു മേയര്‍.

സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പ്രചാരണം നിഷേധിക്കുകയാണ് ആശുപത്രി ഡയറക്ടര്‍ ചെയ്തത്. ജീവനക്കാരും മേയറും തമ്മില്‍ വാക്കേറ്റമുണ്ടായില്ലെന്നാണ് ആശുപത്രി ഡയറക്ടര്‍ മുദ്രിക സിംഗ് വിശദമാക്കുന്നത്. മേയര്‍ ആശുപത്രി സന്ദര്‍ശിച്ച് ഡോക്ടര്‍മാരുമായി ആശയ വിനിമയം നടത്തിയെന്ന് മുദ്രിക സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം