ഗുജറാത്തിലെ കച്ചിൽ പത്ത് വർഷത്തിന് ശേഷം സ്വാഭാവികമായി വിരിഞ്ഞ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷിക്കുഞ്ഞിന് വനം വകുപ്പ് വിവിഐപി സംരക്ഷണം ഒരുക്കിയിരിക്കുന്നു. 150 ഗ്രാം തൂക്കമുള്ള ഈ കുഞ്ഞിനെ 50-ഓളം ഉദ്യോഗസ്ഥർ രാപ്പകൽ നിരീക്ഷിക്കുകയും, 'ജമ്പ് സ്റ്റാർട്ട്' എന്ന നൂതന രീതിയിലൂടെയാണ് ഈ കുഞ്ഞിന്റെ ജനനം സാധ്യമായത്.
അഹമ്മദാബാദ്: ഗുജറാത്തിൽ ഒരു പക്ഷിക്കുഞ്ഞിന്റെ അതിജീവനത്തിന് വേണ്ടി രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണ് വനം വകുപ്പ്. കച്ചിലെ അബ്ദാസ പുൽമേടുകളിൽ പത്ത് വർഷത്തിന് ശേഷം സ്വാഭാവികമായി വിരിഞ്ഞ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷിക്കുഞ്ഞിനാണ് വിവിഐപി സംരക്ഷണം ഒരുക്കിയത്. 150 ഗ്രാം മാത്രം തൂക്കമുള്ള ഈ കുഞ്ഞിനെ സംരക്ഷിക്കാൻ 50 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് 'ബേബി സിറ്റർമാരായി' രാപ്പകൽ കാവൽ നിൽക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി തിരിഞ്ഞാണ് ഈ പ്രത്യേക സംഘം കുഞ്ഞിന്റെയും അമ്മയുടെയും ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നത്. മാര്‍ച്ച് 26നാണ് കുഞ്ഞ് വിരിഞ്ഞിറങ്ങിയത്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കുഞ്ഞ് ജനിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
അത്യപൂർവ്വമായി കാണപ്പെടുന്ന ഈ പക്ഷി വർഗ്ഗത്തിന്റെ അതിജീവനം ഉറപ്പാക്കാൻ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബൈനോക്കുലറുകളും സ്പോട്ടിംഗ് സ്കോപ്പുകളും ഘടിപ്പിച്ച പ്രത്യേക വാച്ച് ടവറുകൾ സ്ഥാപിച്ചു. കൂടാതെ, കുഞ്ഞിന് ഭീഷണിയായേക്കാവുന്ന കാട്ടുനായ്ക്കളെയും കന്നുകാലികളെയും അകറ്റി നിർത്താൻ പ്രദേശത്തെ ഗ്രാമീണ റോഡുകൾ താൽക്കാലികമായി അടയ്ക്കുകയും വേലികൾ ബലപ്പെടുത്തുകയും ചെയ്തു. വന്യജീവികൾ വരാതിരിക്കാൻ അടുത്തുള്ള കൃത്രിമ ജലാശയങ്ങൾ പോലും വറ്റിച്ച നിലയിലാണ്.
രാജസ്ഥാനിൽ നിന്ന് കൊണ്ടുവന്ന മുട്ട, ഗുജറാത്തിലെ ഒരു പെൺപക്ഷിയുടെ കൂട്ടിൽ വെച്ചാണ് വിരിയിച്ചെടുത്തത്. 'ജമ്പ് സ്റ്റാർട്ട്' (Jumpstart) എന്ന നൂതനമായ സംരക്ഷണ രീതിയിലൂടെയാണ് ഈ കുഞ്ഞ് ജനിച്ചത്. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ദൗത്യം നടക്കുന്നത്. കുഞ്ഞിന് പറക്കാനുള്ള പ്രായമാകുന്നത് വരെ അതീവ ജാഗ്രതയോടെയുള്ള ഈ സുരക്ഷാ ക്രമീകരണങ്ങൾ തുടരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കോടിക്കണക്കിന് രൂപയാണ് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷിക്കുഞ്ഞിന്റെ സംരക്ഷണത്തിനായി ചെലവാക്കേണ്ടി വരിക.
