Asianet News MalayalamAsianet News Malayalam

കശ്മീരില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചിട്ട് മൂന്ന് മാസം; ജോലി നഷ്ടപ്പെട്ട് യുവാക്കള്‍

ആ​ഗസ്റ്റ് അഞ്ച് മുതൽ ഇന്റർനെറ്റ് ലഭ്യമാകാത്തതിനാൽ ശമ്പളവും മറ്റ് കമ്പനികളിൽ ചേരാനുള്ള അവസരങ്ങളും തനിക്ക് നഷ്ടമായെന്ന് ശ്രീന​ഗറിലെ ഇരുപത്തിയഞ്ചുകാരനായ സൽമാൻ മെഹ്‌രാജ് പറഞ്ഞു.
 

after internet shutdown in kashmir many lost job
Author
Srinagar, First Published Nov 15, 2019, 1:12 PM IST

ശ്രീന​ഗർ: കശ്മീരിൽ ഇന്റർനെറ്റ് സംവിധാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ട് മൂന്ന് മാസം പിന്നിടുമ്പോൾ ജോലി നഷ്ടപ്പെട്ട് നിരവധി യുവാക്കൾ. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർക്കാണ് ജോലി നഷ്ടമായത്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടിയുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഇന്റര്‍നെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ജോലിക്ക് വേണ്ടി യുവാക്കൾക്ക് സ്വന്തം വീടുവിട്ട് മറ്റ്  സ്ഥലങ്ങളിലേക്ക് പോകേണ്ടി വന്നു. ആ​ഗസ്റ്റ് അഞ്ച് മുതൽ ഇന്റർനെറ്റ് ലഭ്യമാകാത്തതിനാൽ ശമ്പളവും മറ്റ് കമ്പനികളിൽ ചേരാനുള്ള അവസരങ്ങളും തനിക്ക് നഷ്ടമായെന്ന് ശ്രീന​ഗറിലെ ഇരുപത്തിയഞ്ചുകാരനായ സൽമാൻ മെഹ്‌രാജ് പറഞ്ഞു.

”കമ്പനിയിൽ യാത്രയുമായും ഭക്ഷണവുമായും ബന്ധപ്പെട്ട  വീഡിയോകൾ  അപ്‌ലോഡ് ചെയ്യുന്ന ജോലി ആയിരുന്നു എനിക്ക്. ഓഗസ്റ്റ് അഞ്ചിന് ശേഷം ഇന്റർനെറ്റ് ഇല്ല. ഇത് കാരണം എന്റെ ശമ്പളത്തിന്റെ ഒരു ഭാഗം മാത്രമല്ല മറ്റ് കമ്പനികളിൽ ചേരാനുള്ള അവസരങ്ങളും നഷ്ടമായി”- സൽമാൻ മെഹ്‌രാജ് പറഞ്ഞു. ആവർത്തിച്ചുള്ള അറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും മെയിലുകൾക്ക് മറുപടി നൽകാൻ കഴിയാത്തതിനാൽ തനിക്ക് മറ്റൊരു കമ്പനിയുമായുള്ള കരാർ നഷ്ടപ്പെട്ടുവെന്നും മെഹ്‌രാജ് കൂട്ടിച്ചേർത്തു. 

യുവാക്കൾക്ക് ജോലി ഉറപ്പാക്കുമെന്നും നൈപുണ്യ വർദ്ധനവിനായി വിവിധ പദ്ധതികൾ ആരംഭിക്കുമെന്നും ജമ്മു കശ്മീർ ഭരണകൂടം ആവർത്തിച്ച് പറയുന്നുണ്ട്. എന്നാൽ, ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ യുവാക്കൾക്ക് തൊഴിൽ നഷ്ടമായതിനെ കുറിച്ച് പ്രതികരിക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 

Follow Us:
Download App:
  • android
  • ios