ബ്രിഹൺമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യം കേവല ഭൂരിപക്ഷം നേടി. 88 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ, ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസ് എട്ട് സീറ്റുകളിലൊതുങ്ങി.
മുംബൈ: ശിവസേന പാർട്ടികളുടെ ശക്തികേന്ദ്രമായ ബ്രിഹൺമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി നയിക്കുന്ന എൻഡിസ സഖ്യം. ആകെ 227 വാർഡുകളിൽ 88 വാർഡുകളിൽ ബിജെപി വിജയത്തിലേക്ക് കുതിക്കുന്നു. ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം 28 വാർഡുകളും വിജയിച്ചു. ഇതോടെ മഹായുതി സഖ്യം കേവല ഭൂരിപക്ഷം കടന്നു. അതേസമയം, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ശക്തമായ മത്സരം കാഴ്ച വെച്ചു. ഉദ്ധവ് താക്കറെയുടെ പാർട്ടി 74 സീറ്റിൽ ഒറ്റക്ക് മുന്നിലെത്തി. അതേസമയം, ഒറ്റക്ക് മത്സരിച്ച കോൺഗ്രസ് ഒറ്റയക്കത്തിലൊതുങ്ങി. വെറും എട്ട് വാർഡുകളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന അഞ്ച് സീറ്റിലൊതുങ്ങി. ഇരു എൻസിപി പാർട്ടികൾക്കും ഒറ്റ സീറ്റിൽ പോലും വിജയിക്കാനായില്ല.
മഹാരാഷ്ട്ര മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റമാണുണ്ടായത്. 29 മുൻസിപ്പൽ കോർപറേഷനുകളിൽ 14 ഇടത്താണ് ബിജെപി -ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം-എൻസിപി അജിത് പവാർ എന്ന സഖ്യം മുന്നേറുന്നത്. 13 ഇടങ്ങളിൽ ഇന്ത്യ മുന്നണിയാണ് ലീഡ് ചെയ്യുന്നത്.
മുംബൈ കോര്‍പ്പറേഷനിസല്‍ ആകെ 52.94% പോളിംഗ് രേഖപ്പെടുത്തി. നാല് വർഷത്തെ കാലതാമസത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലാണ് ഒടുവില്‍ ബിഎംസി തെരഞ്ഞെടുപ്പ് നടന്നത്. ഷെഡ്യൂൾ അനുസരിച്ച്, തെരഞ്ഞെടുപ്പ് 2022ല്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് അടക്കമുള്ള കാരണങ്ങളാല്‍ തെരഞ്ഞെടുപ്പ് വൈകി.
