ജയ്‌പൂരിൽ അമ്മയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ എൽഎൽബി വിദ്യാർത്ഥിനി ആയുഷി ശർമ്മ, പിതാവിനെയും കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സ്വത്ത് തട്ടിയെടുക്കാൻ പിതാവിന് ചികിത്സ നിഷേധിച്ചെന്നും, സമാനമായ രീതിയിൽ അമ്മയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മാവൻ പോലീസിൽ പരാതി നൽകി.
ജയ്‌പൂർ: രാജസ്ഥാനിലെ ജയ്‌പൂരിൽ അമ്മയെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇരുപത്തിമൂന്നുകാരിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കേസിൽ അറസ്റ്റിലായ എൽഎൽബി വിദ്യാർത്ഥിനി ആയുഷി ശർമ്മയ്ക്കെതിരെയാണ് അമ്മാവൻ രാകേഷ് ശർമ്മ പോലീസിനെയും കോടതിയെയും സമീപിച്ചിരിക്കുന്നത്. 2025 ഏപ്രിലിൽ ആയുഷിയുടെ പിതാവ് വിജയ് ശർമ്മയുടെ മരണവും കൊലപാതകമാണെന്നും ഇതിനും പിന്നിലും ആയുഷിയാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ ജൂലൈ 3-നാണ് ആയുഷിയുടെ അമ്മയും സർക്കാർ ജീവനക്കാരിയുമായ നീരജ് ശർമ്മയെ ജയ്‌പൂരിലെ പ്രതാപ് നഗറിൽ വെച്ച് കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. റോഡപകടമെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. എന്നാൽ പൊലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന് വ്യക്തമായി. കേസിൽ ആയുഷി ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയുഷിയെ സഹായിച്ച ബന്ധു ബൽറാം ഒളിവിലാണ്. അമ്മയോടുള്ള പകയും കുടുംബ സ്വത്ത് തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്ന് ആയുഷി പോലീസിനോട് സമ്മതിച്ചിരുന്നു.
ആയുഷിയുടെ പിതാവും രാജസ്ഥാൻ ഹൈക്കോടതിയിലെ മുൻ കോർട്ട് മാസ്റ്ററുമായിരുന്ന വിജയ് ശർമ്മയുടെ മരണവും ഇതേ മാതൃകയിൽ ആസൂത്രണം ചെയ്തതാണെന്നാണ് പുതിയ പരാതിയിൽ ആരോപിക്കുന്നത്. 2024-ൽ മസ്തിഷ്കാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന പിതാവിന് ആയുഷി കൃത്യമായ ചികിത്സ നൽകിയില്ലെന്ന് രാകേഷ് ശർമ്മ ആരോപിക്കുന്നു. മികച്ച ചികിത്സ നൽകാമെന്ന് പറഞ്ഞ് അച്ഛനെ മറ്റൊരിടത്തേക്ക് മാറ്റിയ ആയുഷി, മൂന്ന് മാസത്തോളം ഒരു വിവരവും നൽകിയില്ല. പിന്നീട് ശരീരത്തിന്റെ 90 ശതമാനവും തകരാറിലായ നിലയിലാണ് വിജയ് ശർമ്മയെ ആശുപത്രിയിൽ കണ്ടെത്തിയതെന്നും തുടർന്നാണ് അദ്ദേഹം മരണപ്പെട്ടതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
പിതാവിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സർക്കാർ ജോലി സ്വന്തമാക്കാനും കുടുംബ സ്വത്തുക്കൾ മുഴുവൻ തന്റെ പേരിലാക്കാനും ആയുഷി സമ്മർദ്ദം ചെലുത്തിയിരുന്നു. 'അച്ഛന്റെ ഫീഡിങ് ട്യൂബ് ഊരിമാറ്റി കൊലപ്പെടുത്തിയത് പോലെ അമ്മയെയും കൊല്ലാൻ എളുപ്പമാണ്' എന്ന് ഒരു തർക്കത്തിനിടെ ആയുഷി അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മാവൻ വെളിപ്പെടുത്തി. വിജയ് ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും, കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുന്നത് പരിശോധിക്കുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രഞ്ജിത ശർമ്മ അറിയിച്ചു.


