അയോധ്യ രാമക്ഷേത്രത്തിലേത് രാജ്യത്തെ ഏറ്റവും വലിയ ക്ഷേത്രക്കൊള്ളയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ആരോപിച്ചു. പ്രധാനമന്ത്രി നിയമിച്ച ട്രസ്റ്റ് ഭാരവാഹികളുടെ അറിവോടെയാണ് കൊള്ള നടന്നതെന്നും, സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ദില്ലി: അയോധ്യ രാമക്ഷേത്രത്തിലേത് രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്രക്കൊള്ളയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. പാവപ്പെട്ട ജനങ്ങൾ തങ്ങളുടെ അധ്വാനത്തിൽ നിന്നും ക്ഷേത്രത്തിനായി നൽകിയ പണമാണ് ഇവിടെ കൊള്ളയടിക്കപ്പെട്ടത്. ട്രസ്റ്റ് ഭാരവാഹികളുടെ പൂർണ്ണ അറിവോടെയാണ് ഈ കൊള്ള നടന്നിരിക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് നിയമിച്ചവരാണ് ഈ ട്രസ്റ്റ് ഭാരവാഹികൾ. ഇത്രയും വലിയ കൊള്ള നടന്നിട്ടും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കുറ്റവാളികളെ സംരക്ഷിക്കാനുള്ള ഒത്താശയാണ് ചെയ്യുന്നത്. ഇത് ഭക്തരുടെ വിശ്വാസത്തിന്മേലുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം വിമർശിച്ചു.
അയോധ്യയിലെ സംഭാവന കൊള്ള കോൺഗ്രസിന് ഒരു രാഷ്ട്രീയ വിഷയമല്ലെന്ന് വ്യക്തമാക്കിയ കെ. സി. വേണുഗോപാൽ, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷം ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉയർത്താൻ പോകുന്നത് ഈ അയോധ്യ കൊള്ളയെക്കുറിച്ചായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി. സുപ്രീംകോടതി നേരിട്ട് മേൽനോട്ടം വഹിക്കുന്ന ഒരു അന്വേഷണത്തിലൂടെ മാത്രമേ ഇതിലെ യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കെ. സി. വേണുഗോപാൽ തയ്യാറായില്ല. ഇന്നത്തെ തന്റെ മുഴുവൻ ശ്രദ്ധയും (Focus) അയോധ്യ വിഷയത്തിലാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്ത് വലിയ രീതിയിലുള്ള വിശ്വാസക്കൊള്ളയാണ് നടക്കുന്നതെന്ന് ആവർത്തിച്ചു. "അയോധ്യയിൽ മാത്രമല്ല, ബദരീനാഥിലും കേദാർനാഥിലും സമാനമായ രീതിയിൽ കൊള്ള നടക്കുന്നുണ്ട്. ബിജെപി രാമക്ഷേത്രം കൊള്ളയടിച്ചിട്ടും കേരളത്തിലെ ബിജെപി നേതാക്കൾ എന്തുകൊണ്ടാണ് ഈ വിഷയത്തിൽ മിണ്ടാതിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അയോധ്യയിലെയും മറ്റ് ക്ഷേത്രങ്ങളിലെയും കൊള്ളയ്ക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. എന്നാൽ ദേശീയ മാധ്യമങ്ങൾ ഈ വലിയ അഴിമതിയെ വിമർശിക്കാൻ ഭയപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 12 വർഷത്തിനിടെ ഒരു വാർത്താസമ്മേളനം പോലും നടത്താൻ തയ്യാറാകാത്ത പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്നും കെ. സി. വേണുഗോപാൽ പരിഹസിച്ചു.


