ദില്ലി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. യാസ് എന്നാണ് ചുഴലിക്കാറ്റിന്റെ പേര്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെയാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെടുക.

യാസ് ചുഴലിക്കാറ്റായി മാറുമെന്നും മെയ് 26നോ 27നോ ഒഡിഷ, ബംഗാള്‍ തീരം തൊടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലായിരിക്കും കൂടുതല്‍ മഴ കിട്ടുക. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് മുന്നൊരുക്കം തുടങ്ങി. ചുഴലിക്കാറ്റ് ബാധിത മേഖലയില്‍ മത്സ്യബന്ധനം വിലക്കി.  ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാള്‍, ഒഡിഷ, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ ലഭിക്കും. ആന്‍ഡമാനില്‍ കാലവര്‍ഷം ഇന്നെത്തും.

കഴിഞ്ഞ ദിവസങ്ങളില്‍ വീശിയടിച്ച ടൗട്ടേ ചുഴലിക്കാറ്റ് നിരവധി സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ചിരുന്നു. കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ടൗട്ടേ നാശം വിതച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona