Asianet News MalayalamAsianet News Malayalam

Non Veg Food| 'മാംസാഹാരങ്ങള്‍ വില്‍ക്കരുത്'; വഡോദരക്ക് പിന്നാലെ തീരുമാനവുമായി അഹമ്മദാബാദും

മാംസാഹാരം പൊതു സ്ഥലങ്ങളില്‍ വില്‍ക്കുന്നത് ഹിന്ദുമത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും മാംസാഹാരം പാകം ചെയ്യുമ്പോഴുണ്ടാകുന്ന പുക ആരോഗ്യത്തിന് ഹാനികരമാണെന്നുമാണ് അധികൃതരുടെ വാദം.
 

After Vadodara, civic authorities to crackdown on street vendors selling non-veg items, eggs in Ahmedabad
Author
Ahmedabad, First Published Nov 15, 2021, 11:30 PM IST

അഹമ്മദാബാദ്: കോര്‍പ്പറേഷന്‍ പരിധിയിലെ പൊതുസ്ഥലത്തെ തെരുവ് കച്ചവട സ്ഥാപനങ്ങളില്‍ മാംസാഹാരങ്ങള്‍ (Non Veg foods)  വില്‍ക്കരുതെന്ന് ഉത്തരവിട്ട് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. നേരത്തെ വഡോദര നഗരസഭയും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച മുതല്‍ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിക്കുമെന്നും സസ്യേതര വിഭവങ്ങളും മുട്ട വിഭവങ്ങളും തെരുവ് കച്ചവട സ്ഥാപനങ്ങളില്‍ നിന്നും പ്രധാന റോഡരികിലെ സ്ഥാപനങ്ങളില്‍ നിന്നും നീക്കം ചെയ്യുമെന്നും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ടൗണ്‍ പ്ലാനിങ് ചെയര്‍മാന്‍ ദേവാങ് ദാവി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ആരാധനാലയങ്ങള്‍, പൂന്തോട്ടങ്ങള്‍, പൊതുസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിധിയില്‍ മാംസാഹാരം പൂര്‍ണമായി നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വഡോദരക്ക് പുറമെ, രാജ്‌കോട്ടിലും തെരുവുകളില്‍ മാംസാഹാരം നിരോധിച്ച് ഉത്തരവിറങ്ങിയിരുന്നു. മാംസാഹാരം പൊതു സ്ഥലങ്ങളില്‍ വില്‍ക്കുന്നത് ഹിന്ദുമത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും മാംസാഹാരം പാകം ചെയ്യുമ്പോഴുണ്ടാകുന്ന പുക ആരോഗ്യത്തിന് ഹാനികരമാണെന്നുമാണ് അധികൃതരുടെ വാദം.  15 ദിവസത്തിനുള്ളില്‍ വഡോദര നഗരസഭാ പരിധിയിലെ എല്ലാ നോണ്‍ വെജ് ഭക്ഷണശാലകളും ഒഴിവാക്കണമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ അധികൃതര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍, ഭരണസമിതിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ആളുകള്‍ എന്തുകഴിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടിക്കോ സര്‍ക്കാറിനോ തീരുമാനിക്കാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് അമി റാവത്ത് പറഞ്ഞു. മാംസാഹാരം വില്‍ക്കുന്ന കടകളുടെ സമീപത്തുകൂടെ പോകുമ്പോള്‍ ഭക്ഷണത്തിന്റെ മണം കാരണം നിരവധി ആളുകള്‍ക്ക് ഓക്കാനം അനുഭവപ്പെടുന്നെന്ന പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന്  വഡോദര മേയര്‍ പറഞ്ഞു. പരാതികളെ തുടര്‍ന്നാണ് മാംസാഹാരം പരസ്യമായി വില്‍ക്കുന്നതിനെതിരെ നടപടി തുടങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു.
 

Follow Us:
Download App:
  • android
  • ios