അംബാല: ജീവനും ജീവിതവുമായി ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിലെത്താനായി നടന്ന കുടിയേറ്റ തൊഴിലാളി കുടുംബത്തിന് നഷ്ടമായത് അവരുടെ കുഞ്ഞിനെ. പഞ്ചാബിലെ ലുധിയാനയില്‍ നിന്നാണ് നിറഗര്‍ഭിണിയായ ഭാര്യക്കൊപ്പം ബിഹാറിലേക്ക് കുടിയേറ്റ തൊഴിലാളിയായ ജതിന്‍ റാം നടന്നത്. എന്നാല്‍, ഹരിയാനയിലെ അംബാലയിലെത്തിയപ്പോള്‍ ജതിന്‍റെ ഭാര്യ ബിന്ദ്യ പ്രസവിച്ചു.

എന്നാല്‍, അധികം വൈകാതെ പെണ്‍കുഞ്ഞ് മരണപ്പെടുകയായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ബിഹാറില്‍ നിന്ന് ലുധിയാനയിലേക്ക് കുടുംബം നടന്ന് തുടങ്ങിയത്. ബുധനാഴ്ച അംബാലയിലെത്തിയപ്പോഴാണ് ഒരു പെണ്‍കുഞ്ഞിന് യുവതി ജന്മം നല്‍കിയത്, പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.

കുഞ്ഞിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ അംബാലയില്‍ തന്നെ കുടുംബം നിര്‍വഹിച്ചു. രണ്ട് വര്‍ഷം മുമ്പാണ് ജതിന്‍ ബിന്ദ്യയെ വിവാഹം ചെയ്തത്. അവരുടെ ആദ്യത്തെ കുഞ്ഞിനെയാണ് നഷ്ടമായത്. കഴിഞ്ഞ വര്‍ഷമാണ് ബിന്ദ്യ ജതിനൊപ്പം ലുധിയാനയില്‍ എത്തിയത്. അവിടെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുകയാണ്. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് വീട്ടിലേക്ക് മടങ്ങാമെന്ന് ഇവര്‍ തീരുമാനിച്ചത്. പ്രത്യേക ട്രെയിനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ് നടക്കാന്‍ തീരുമാനിച്ചതെന്ന് ജതിന്‍ പറഞ്ഞു.

കൃത്യമായ ഭക്ഷണം ലഭിക്കാത്തത് കൊണ്ട് ബിന്ദ്യ തളര്‍ന്ന അവസ്ഥയിലായിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ടതിനാല്‍ ആവശ്യത്തിന് പണവും കയ്യിലുണ്ടായിരുന്നില്ല. അംബാലയിലെത്തിയപ്പോള്‍ ബിന്ദ്യക്ക് പ്രസവവേദന തുടങ്ങി. പൊലീസ് സഹായത്തോടെയാണ് സിവില്‍ ആശുപത്രിയില്‍ എത്തിയത്.

പക്ഷേ, പ്രസവശേഷം കുഞ്ഞിനെ രക്ഷിക്കാനായില്ല. ദമ്പതികള്‍ക്ക് ആവശ്യമുള്ള ഭക്ഷണവും താമസസ്ഥലവും ഒരു എന്‍ജിഒയോ ഒരുക്കി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ബിഹാറിലേക്ക് പോകാനുള്ള ശ്രമിക് ട്രെയിനിലെ ടിക്കറ്റും എന്‍ജി ഒ ശരിയാക്കി നല്‍കി.