തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, തൻ്റെ 'ജനനായകൻ' എന്ന സിനിമയുടെ നിർമ്മാതാവായ വെങ്കട് കെ. രമണയെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നു. 

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നിയമനങ്ങളിലും പ്രതിപക്ഷ പ്രതിഷേധം പുകയുന്നു. വിജയ് നായകനായി അഭിനയിച്ച ഇതുവരെ തിയേറ്ററുകളിൽ എത്തിയിട്ടില്ലാത്ത ബിഗ് ബജറ്റ് ചിത്രം 'ജനനായകന്റെ നിർമാതാവ് വെങ്കട് കെ. രമണയെ ഡൽഹിയിലെ തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ജൂൺ 23-ന് ചീഫ് സെക്രട്ടറി എം. സായ് കുമാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം താൽക്കാലികമായി ഒരു വർഷത്തേക്കാണ് സുപ്രധാന നിയമനം. കർണാടക സ്വദേശിയും ബെംഗളൂരു ആസ്ഥാനമായുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ അമരക്കാരനുമായ വെങ്കട്ടിന്റെ നിയമനം തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ പ്രതിപക്ഷ പാർട്ടികളെല്ലാം രംഗത്തെത്തിക്കഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെങ്കട് കെ. രമണ കർണാടകത്തിന്റെ പ്രതിനിധിയാണെന്നും അങ്ങനെയുള്ള ഒരാളെ എന്തിനാണ് ഡൽഹിയിൽ തമിഴ്‌നാടിന്റെ മുഖമായി നിയമിച്ചതെന്നും കനിമൊഴി ചോദിച്ചു. സുപ്രധാനമായ ഇത്തരം പദവികൾ വഹിക്കാൻ യോഗ്യതയുള്ള ആരും തമിഴ്‌നാട്ടിലില്ലേയെന്നും അവർ പരിഹസിച്ചു. കോൺഗ്രസിന് മുന്നിൽ ടിവികെ കീഴടങ്ങിയെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് വേണ്ടിയുള്ള നിയമനമാണെന്നും ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ നൈനാർ നാഗേന്ദ്രൻ ആരോപിച്ചു.

കർണാടകയിൽ സ്ഥിരതാമസമാക്കിയ ഒരു വ്യക്തിക്ക് എങ്ങനെ ഡൽഹിയിൽ തമിഴ്‌നാടിന്റെ താല്പര്യങ്ങൾ കൃത്യമായി സംരക്ഷിക്കാൻ സാധിക്കുമെന്നാണ് അണ്ണാഡിഎംകെ നേതൃത്വം ചോദ്യമുയർത്തുന്നത്. കാവേരി നദീജല തർക്കം പോലുള്ള അന്തർസംസ്ഥാന വിഷയങ്ങൾ നിലനിൽക്കുമ്പോൾ ഈ നിയമനം സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും അവർ വാദിക്കുന്നു.

സെൻസർ ബോർഡുമായുള്ള തർക്കങ്ങൾ കാരണം റിലീസ് വൈകുന്ന വിജയ്‌യുടെ 'ജനനായകൻ' എന്ന സിനിമയുമായി ബന്ധപ്പെട്ട് 500 കോടിയിലധികം രൂപയുടെ വലിയ സാമ്പത്തിക റിസ്ക് എടുത്തയാളാണ് നിർമാതാവ് വെങ്കട് എന്ന് അടുത്തിടെ മലേഷ്യയിൽ നടന്ന ഓഡിയോ ലോഞ്ചിൽ വിജയ് തന്നെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വിജയ് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചപ്പോഴും വെങ്കട് ഒപ്പമുണ്ടായിരുന്നു. കടുത്ത സാമ്പത്തിക ബാധ്യത നേരിട്ട നിർമാതാവിന് ഉപകാരസ്മരണയെന്നോണം സർക്കാർ പദവി നൽകിയെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.