ചൊവ്വാഴ്ച, അതായത് ഇന്നലെ രാവിലെയും ഇതേ മേഖലയിൽ പാകിസ്ഥാൻ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ വെടിവച്ചിരുന്നു. 

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം. പുലർച്ചെ മൂന്നരയോടെ തുടങ്ങിയ പാക് വെടിവയ്പ് നാലര വരെ നീണ്ടു. രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിലെ ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെയാണ് പാക് സൈന്യം വെടിയുതിർത്തത്. ഇന്നലെ രാവിലെയും ഇതേ മേഖലയിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചിരുന്നു.

Scroll to load tweet…

ഇന്ത്യൻ സൈന്യം ഇന്നലെയും ഇന്നും ശക്തമായി തിരിച്ചടിച്ചു. ഫെബ്രുവരി 26-ന് നടന്ന ബാലാകോട്ട് പ്രത്യാക്രമണത്തിന് ശേഷം എല്ലാ ദിവസവും അതിർത്തിയിൽ പാക് സൈന്യം നിയന്ത്രണരേഖയിൽ ശക്തമായ വെടിവയ്പും ഷെല്ലാക്രമണവും തുടരുകയാണ്. 

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ, രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ പാക് സൈന്യം ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ തുടർച്ചയായി വെടിയുതിർത്തിരുന്നു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. 

അതേസമയം, ജമ്മു കാശ്മീരിലെ ത്രാലിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകര‌‌രെ വധിച്ചു. പുൽവാമ ജില്ലയിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇന്നലെ രാത്രിയാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ത്രാലിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.