ബെം​ഗളൂരുവിൽ വീണ്ടും സദാചാര ആക്രമണം: ഉപദ്രവിക്കരുതെന്ന് കരഞ്ഞുപറഞ്ഞിട്ടും തടഞ്ഞുവെച്ച് അക്രമികൾ; ദൃശ്യങ്ങൾ

ബെംഗളുരുവിലെ ഒരു പാർക്കിൽ ഇരിക്കുകയായിരുന്ന മുസ്ലിം യുവതിക്കും ഹിന്ദു യുവാവിനും നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

again moral attack bengalooru woman and man

ബെം​ഗളൂരു: ബെംഗളുരു നഗരത്തെ ഞെട്ടിച്ച് വീണ്ടും സദാചാര ഗുണ്ടാ ആക്രമണം. നഗരത്തിലെ ഒരു പാർക്കിൽ ഇരിക്കുകയായിരുന്ന ഹിന്ദു യുവാവിനും മുസ്ലിം യുവതിക്കും നേരെയാണ് ഒരു സംഘമാളുകൾ ആക്രമണം നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി.

ബെംഗളുരുവിൽ അർദ്ധരാത്രി പുറത്തിറങ്ങി നടക്കുന്ന സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെ ആഭ്യന്തരമന്ത്രി തന്നെ നിസ്സാരവൽക്കരിച്ചത് വിവാദമായതാണ്. ഇതിനിടയിലാണ് പകൽ പോലും പൊതുസ്ഥലത്ത് സ്ത്രീകൾക്ക് സദാചാരത്തിന്‍റെ പേരിലുള്ള വിചാരണ ഐടി നഗരമായ ബെംഗളുരുവിൽ നേരിടേണ്ടി വരുന്നത്.

നമ്മളീ കണ്ട ദൃശ്യങ്ങൾ എന്ന്, എവിടെ നടന്നതാണ് എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഒരു പാർക്കിൽ ഇരിക്കുന്ന ഹിന്ദു യുവാവിനും മുസ്ലിം യുവതിക്കുമാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണം നേരിടേണ്ടി വന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലും കന്നഡയിലും തമിഴിലുമാണ് അക്രമിസംഘം സംസാരിക്കുന്നത്. യുവതിയോട് ബുർഖ മാറ്റാനും പേര് പറയാനും അക്രമിസംഘം ആക്രോശിക്കുന്നത് കേൾക്കാം.

സുഹൃത്താണെന്നും ഇടപെടരുതെന്നും യുവാവ് പറയുമ്പോഴും അക്രമികൾ യുവതിയെ ഉന്നമിട്ടാണ് ഭീഷണി മുഴക്കുന്നത്. നിങ്ങളെ കൈകാര്യം ചെയ്യാൻ കൂടുതലാളുകളെ വിളിച്ചു കൂട്ടുമെന്നും അക്രമിസംഘം ഭീഷണി മുഴക്കുന്നു. ഉപദ്രവിക്കരുതെന്ന് യുവതി കര‌ഞ്ഞ് പറയുമ്പോൾ ഇവരുടെ ദൃശ്യം പകർത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമാണ് അക്രമികൾ ചെയ്തത്. യുവാവ് പൊലീസിനെയും സുഹൃത്തുക്കളെയും വിളിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്ന ദൃശ്യങ്ങൾ വിവാദമായതോടെ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ബെംഗളുരുവിലെ ചന്ദ്ര ലേ ഔട്ടിലും സമാനമായ രീതിയിൽ ഹിന്ദു യുവാവിനും ബുർഖയിട്ട യുവതിക്കും സദാചാര ഗുണ്ടാ ആക്രമണം നേരിടേണ്ടി വന്നിരുന്നു. 

 

Latest Videos
Follow Us:
Download App:
  • android
  • ios