ദില്ലി: പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരം ദില്ലിയിൽ മൂന്നാം ദിവസവും വൻ സംഘർഷത്തിലേക്ക്. കിഴക്കൻ ദില്ലിയിലെ സീലംപൂരിൽ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചതോടെ അവർ തിരികെ കല്ലെറിഞ്ഞു. സംഘർഷത്തിനിടെ രണ്ട് ബസ്സുകൾ തകർത്തു. ഡ്രൈവർമാർക്ക് പരിക്കേറ്റു. സ്ഥലത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ കത്തിച്ചു. പ്രദേശത്ത് ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്. പ്രതിഷേധക്കാർക്കിടയിലേക്ക് ഇരച്ച് കയറിയ പൊലീസ് നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്. 

സംഘർഷത്തെത്തുടർന്ന് സീലംപൂർ - ജാഫ്രദാബാദ് റോഡ് പൊലീസ് അടച്ചിരിക്കുകയാണ്. കൂടുതൽ പ്രതിഷേധക്കാർ സ്ഥലത്തേക്ക് എത്താതിരിക്കാൻ ഇതിന് സമീപത്തുള്ള അഞ്ച് മെട്രോ സ്റ്റേഷനുകൾ പൊലീസ് അടച്ചിരിക്കുകയാണ്. ഈ സ്റ്റേഷനുകളിൽ മെട്രോ നിർത്താതെ പോകുമെന്നും, സ്റ്റേഷന്‍റെ എൻട്രി, എക്സിറ്റ് ഗേറ്റുകൾ പൂർണമായും അടയ്ക്കുമെന്നും ഡിഎംആർസി അറിയിച്ചു. 

ഉച്ചയ്ക്ക് 12 മണിയോടെയാണ് കിഴക്കൻ ദില്ലിയിലെ സീലംപൂരിൽ പൗരത്വബില്ലിനെതിരായ പ്രക്ഷോഭം തുടങ്ങിയത്. സ്ഥലത്തെ നാട്ടുകാർ തന്നെയാണ് സംഘടിച്ച് സമരം തുടങ്ങിയത്. നൂറുകണക്കിന് പേർ പ്രതിഷേധത്തിൽ അണിനിരന്നു. സീലംപൂർ ടി പോയന്‍റിൽ നിന്ന് തുടങ്ങിയ പ്രതിഷേധം മുന്നോട്ട് നീങ്ങി പ്രധാന പാതയായ സീലംപൂർ - ജാഫ്രദാബാദ് റോഡിലേക്ക് നീങ്ങിയതോടെ പൊലീസ് തടഞ്ഞു. പൗരത്വബില്ലിനെതിരെയും എൻആർസിക്ക് എതിരെയും മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് വലിയ രീതിയിൽ വീണ്ടും ആൾക്കൂട്ടം മുന്നോട്ട് നീങ്ങിയതോടെ സ്ഥിതി സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഏതാണ്ട് ഒന്നരമണിക്കൂർ നേരം കനത്ത സംഘർഷമാണ് സ്ഥലത്ത് ഉണ്ടായത്. പൊലീസിന് നേരെ കല്ലേറുണ്ടായി, പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. 

സ്ഥിതി സംഘർഷാത്മകമായതിനാൽ ദില്ലി നഗരത്തിലെമ്പാടും പൊലീസ് പട്രോളിംഗ് തുടങ്ങി. ദരിയാഗഞ്ച് പോലുള്ള മേഖലകളിൽ യൂണിഫോമിട്ട പൊലീസുകാർ ബൈക്കുകളിൽ പട്രോളിംഗ് നടത്തുകയാണ്. ഭീതിജനകമായ സ്ഥിതിയാണ് ദില്ലിയിൽ ഇപ്പോൾ. 

അതേസമയം, സീലംപൂരിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിർത്തെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് ദില്ലി പൊലീസ് ജോയന്‍റ് കമ്മീഷണർ അലോക് കുമാർ പറഞ്ഞു. ഒരു വെടി പോലും ഉതിർത്തിട്ടില്ല. കണ്ണീർ വാതകഷെല്ലുകൾ മാത്രമാണ് പ്രയോഗിച്ചിട്ടുള്ളത്. സീലംപൂരിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. ചില പൊലീസുദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പബ്ലിക് ട്രാൻസ്പോർട്ട് ബസ്സുകളും ഒരു റാപ്പിഡ് ആക്ഷൻ ഫോഴ്സ് ബസ്സും ചില ബൈക്കുകളും തകർക്കപ്പെട്ടിട്ടുണ്ട് - എന്ന് അലോക് കുമാർ.

സീലംപൂരിലെ പ്രതിഷേധങ്ങളും സംഘർഷഭരിതമായതോടെ ലഫ്റ്റനന്‍റ് ഗവർണർ സമാധാന ആഹ്വാനവുമായി രംഗത്തെത്തി. അക്രമം ഒന്നിനുമൊരു പരിഹാരമല്ലെന്നും അക്രമങ്ങളിൽ നിന്ന് സമരക്കാർ പിന്തിരിയണമെന്നും അനിൽ ബൈജൽ ആവശ്യപ്പെട്ടു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും പ്രതിഷേധം സമാധാനപരമാകണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തു. 

അതേസമയം, ദില്ലിയിൽ വൻ പൊലീസ് നടപടിയെത്തുടർന്ന് യുദ്ധക്കളമായി മാറിയ ജാമിയ മിലിയ സർവകലാശാലയുടെ പുറത്ത് വിദ്യാർത്ഥികൾ സമരം തുടരുക തന്നെയാണ്. സമാധാനപരമായി ദേശീയപതാകകൾ ഏന്തിയാണ് വിദ്യാർത്ഥികളുടെ സമരം.