പ്രതിഷേധം കണക്കിലെടുത്ത് രാജ്യമാകെ നാനൂറിലേറെ ട്രെയിനുകളാണ് റെയിൽവേ റദ്ദാക്കിയത്

ദില്ലി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം കനക്കുന്നു. ബീഹാർ ഉൾപ്പെടെ പത്തിലധികം സംസ്ഥാനങ്ങളിൽ ഉദ്യോഗാർത്ഥികൾ തെരുവിൽ പ്രതിഷേധത്തിലാണ്. പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് സത്യാഗ്രഹം ഇന്ന് രാവിലെ പത്തരയ്ക്ക് ദില്ലി ജന്ദർ മന്ദറിൽ നടക്കും. പദ്ധതി ഉപേക്ഷിക്കണമെന്നാണ് കോൺഗ്രസ് ആവശ്യം.

YouTube video player

കരാർ ജോലികൾ വ്യാപിപ്പിക്കാനും സ്ഥിരം ജോലി അവസാനിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നു കോൺഗ്രസ് ആരോപിക്കുന്നു. സമാധാന പരമായ സമരത്തെയാണ് അനുകൂലിക്കുന്നതെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. അതേസമയം പ്രതിഷേധത്തിന് പിന്നാലെയുള്ള സംഘർഷത്തിൽ പൊലീസ് നടപടി തുടരുകയാണ്. ബീഹാറിൽ അറൂന്നൂറിലേറെ പേർ അറസ്റ്റിലായി. യു പി സംഘർഷവുമായി ബന്ധപ്പെട്ട് 250 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ സൈനിക പ്രവേശനത്തിനുള്ള പരിശീലന സ്ഥാപനങ്ങളാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

YouTube video player

അഗ്നിപഥ് പ്രതിഷേധത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള 3 ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ് , തിരുനെൽവേലി ബിലാസ്പൂർ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, എന്നിവയാണ് ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ. നാളത്തെ എറണാകുളം പാറ്റ്ന സൂപ്പർ ഫാസ്റ്റ് ട്രെയിനും റദ്ദാക്കി. പ്രതിഷേധം കണക്കിലെടുത്ത് രാജ്യമാകെ നാനൂറിലേറെ ട്രെയിനുകളാണ് റെയിൽവേ റദ്ദാക്കിയത്. ഇന്ന് രാത്രി വരെ ബീഹാറിൽ സർവീസുണ്ടാകില്ല.