സൈന്യത്തിലേക്ക് യുവാക്കളെ നിയമിക്കുന്ന അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് നേരത്തെ തന്നെ കേന്ദ്രസർക്കാർ രംഗത്ത് വന്നിരുന്നു

ദില്ലി: അഗ്നിപഥ് പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങൾക്ക് വീണ്ടും വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുവാക്കൾക്ക് തൊഴിൽ അവസരം കുറയുമെന്ന പ്രചാരണം തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. തൊഴിൽ അവസരങ്ങൾ കൂടുകയാണ് ചെയ്യുകയെന്നും നിലവിലെ നിയമനങ്ങളെക്കാൾ മൂന്നിരട്ടി നിയമനം നടത്തുമെന്നും കേന്ദ്രം പറയുന്നു. ഉദ്യോഗാർഥികളുടെ ഭാവി അനിശ്‌ചിതത്വത്തിൽ ആവില്ല. നാല് വർഷത്തിന് ശേഷം അവർ ആഗ്രഹിക്കുന്ന മേഖലയിലേക്ക് മാറാൻ അവസരം ഒരുക്കുമെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുന്നു.

Scroll to load tweet…

സൈന്യത്തിലേക്ക് യുവാക്കളെ നിയമിക്കുന്ന അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് നേരത്തെ തന്നെ കേന്ദ്രസർക്കാർ രംഗത്ത് വന്നിരുന്നു. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് വിവിധ സംസ്ഥാനങ്ങളിൽ വൻ പ്രതിഷേധം നടന്ന ശേഷവും കേന്ദ്രം സ്വീകരിക്കുന്നത്. പല രാജ്യങ്ങളും സമാനമായ നിയമനം സൈന്യത്തിൽ നടത്തുന്നുണ്ടെന്നും രണ്ട് വർഷത്തോളം നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും കേന്ദ്രം പറയുന്നു. അതേസമയം പദ്ധതിക്കെതിരെ പ്രതിഷേധം തുടരുകയാണ്. അഗ്നിപഥ് വിരുദ്ധർ രാജസ്ഥാനിലെ ജോധ്പൂരിൽ ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. ഇവർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. അതേസമയം പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് സമാധാനം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി.

Scroll to load tweet…