ആ​ഗ്ര: ബലാത്സം​ഗത്തിന് ഇരയായ യുവതിയുടെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാത്തതിനെത്തുടർന്ന് എല്ലാ ഉപചാരങ്ങളോടും കൂടി അന്ത്യ കർമ്മങ്ങൾ നടത്തി ആഗ്ര പൊലീസ്. ഹിന്ദുമതാചാരപ്രകാരമാണ് പൊലീസുകാർ അന്ത്യകർമ്മങ്ങൾ നടത്തിയത്. ആ​ഗ്രയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു യുവതി മരണത്തിന് കീഴടങ്ങിയതെന്ന് വാർത്താ ഏജന്‍സിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

പെൺകുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാതാകുകയും പെൺകുട്ടിയെ അന്വേഷിച്ച് ആരുംതന്നെ വരാതാവുകയും ചെയ്തതോടെയാണ് മൃതദേഹം സംസ്കരിക്കാൻ പൊലീസ് തീരുമാനിച്ചത്. പൂർണ്ണ ഉത്തരവാദിത്വത്തോടെ മൃതദേഹം ഏറ്റെടുക്കുകയും പോസ്റ്റുമോർട്ടത്തിന് ശേഷം അന്ത്യകർമ്മങ്ങൾ നടത്തുകയുമായിരുന്നുവെന്ന് എസ്‍പി ബോട്രെ രോഹൻ പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവൃത്തി മാതൃകാപരമാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ പ്രവൃത്തിയെ അഭിനന്ദിച്ചതായും ബോട്രെ രോഹൻ പ്രമോദ് കൂട്ടിച്ചേർത്തു. ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം ഹിന്ദു ആചാരപ്രകാരമുള്ള 'ഭോജ്' അടക്കമുള്ളവ പൊലീസുകാർ നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.