ആഗ്ര: ബീഹാറിൽ നൂറിലേറെ കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിന്റെ കാരണം കണ്ടെത്താനാവാതെ ആരോഗ്യമേഖല സ്തംഭിച്ചിരിക്കെ, ആഗ്രയിൽ നിന്ന് അതിക്രൂരമായ അവഗണനയുടെ വാർത്ത പുറത്തുവരുന്നു. താനാവശ്യപ്പെട്ട കൈക്കൂലി ലഭിക്കാതെ വന്നതോടെ പൂർണ്ണ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്ന് നഴ്സ് ഇറക്കിവിട്ടെന്ന വാർത്തയാണ് ഉത്തർപ്രദേശിൽ നിന്ന് പുറത്തുവരുന്നത്.

ആഗ്രയിലെ രുങ്കാത്ത പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നാണ് നിറഗർഭിണിയായ യുവതിയെ ഇറക്കിവിട്ടത്. തുടർന്ന് നടുറോഡിൽ പ്രസവിച്ച ഇവർക്ക് ആൺകുഞ്ഞിനെ കിട്ടി. ആഗ്രയിലെ ലഖൻപുർ ഗ്രാമവാസിയായ നൈന ദേവിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ഇന്ന് രാവിലെ ഏഴ് മണിക്കാണ് നൈനയെ പേറ്റുനോവ് ഉണ്ടായതിനെ തുടർന്ന് ഭർത്താവായ ശ്യാം സിംഗ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് സരിത സിംഗ് ഇവരെ അഡ്മിറ്റ് ചെയ്യുന്നതിന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ജില്ലാ ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസ് വിളിച്ച് നൽകണം എന്ന ശ്യം സിംഗിന്റെ ആവശ്യവും നഴ്സ് നിരാകരിച്ചുവെന്ന് പരാതിയിലുണ്ട്.

നഴ്സിനോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് മനസിലായതോടെ ശ്യാം സിംഗ്, ഭാര്യയുമായി ആശുപത്രിയിൽ നിന്നും പുറത്തേക്ക് നടന്നു. അപ്പോഴേക്കും വേദന മൂർദ്ധന്യത്തിലെത്തിയ നൈന ദേവി, റോഡിൽ തന്നെ പ്രസവിക്കുകയായിരുന്നു. 

സംഭവം വിവാദമായതിന് പിന്നാലെ നഴ്സിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ മുകേഷ് വത്സ പറഞ്ഞു. ഇതേ പ്രൈമറി ഹെൽത്ത് സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ സുപ്രിയ ജെയിൻ ഫാർമസിസ്റ്റ് സോനു ഗോയൽ എന്നിവരെ ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് സ്ഥലം മാറ്റി.