വസ്തു വിൽക്കാനുള്ള കരാർ ഉടമസ്ഥാവകാശം നൽകുന്നില്ലെന്ന് ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ സുപ്രധാന വിധി. രജിസ്റ്റർ ചെയ്ത വിൽപ്പന ആധാരത്തിലൂടെ മാത്രമേ സ്ഥാവര സ്വത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനാകൂ എന്ന് കോടതി വ്യക്തമാക്കി. 

ഷിംല: വിൽക്കാനുള്ള കരാർ ഉടമസ്ഥാവകാശം നൽകുന്നില്ല എന്ന സുപ്രധാന വിധിയുമായി ഹൈക്കോടതി. വാടകക്കാരനുമായുള്ള കേസിലാണ് വീട്ടുടമസ്ഥനായ ഗുപ്തയ്ക്ക് അനുകൂലമായി ഹിമാചൽ പ്രദേശ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. വസ്തു വിൽക്കാൻ വാടകക്കാരൻ്റെ കുടുംബവുമായി കരാറുണ്ടെന്നും അതുകൊണ്ട് തങ്ങൾ തമ്മിലുള്ള ബന്ധം വാടകക്കാരനും ഉടമസ്ഥനും എന്നതിലുപരി ഉടമസ്ഥാവകാശം കൂടി നൽകുന്നതാണെന്നുമുള്ള വാടകക്കാരൻ്റെ വാദമാണ് കോടതി തള്ളിയത്.

സെപ്തംബർ 22,നാണ് ഹൈക്കോടതി ഈ സുപ്രധാന വിധി പ്രഖ്യാപിച്ചത്. വാടക കുടിശ്ശിക തിരിച്ചുപിടിക്കാനും വസ്തുവിൻ്റെ കൈവശാവകാശം വീണ്ടെടുക്കാനും ആവശ്യപ്പെട്ട് വീട്ടുടമസ്ഥ റെൻ്റ് കൺട്രോളർക്ക് നൽകിയ ഹർജിയിലെ ഉത്തരവ് എതിരായതോടെയാണ് കേസ് ഹൈക്കോടതിയിൽ എത്തിയത്. വിൽക്കാനുള്ള കരാർ ഒപ്പിട്ടുവെങ്കിലും, വാടകക്കാരൻ്റെ കുടുംബത്തിന് സർക്കാർ അനുമതി ലഭിക്കാത്തതിനാലും ഉണ്ടായ തുടർച്ചയായ കാലതാമസം കാരണവും രജിസ്റ്റർ ചെയ്ത് വിൽപ്പന പൂര്‍ത്തിയാക്കാൻ കഴിഞ്ഞില്ല. തുടര്‍ന്നുള്ള വാദ പ്രതിവാദങ്ങളിലാണ് വിൽക്കാനുള്ള കരാർ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിന് തുല്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. അതായത്, വസ്തുവിൻ്റെ വിൽപ്പനയ്‌ക്കോ കൈമാറ്റത്തിനോ ഉള്ള അതേ പ്രാധാന്യം ഈ കരാറിന് ഇല്ല.

വസ്തു ഭാവിയിൽ കൈമാറ്റം ചെയ്യാനുള്ള ഒരു വാഗ്ദാനം മാത്രമാണ് വിൽക്കാനുള്ള കരാർ. ഇത് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തതിന് തുല്യമല്ല. ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്റ്റ്, 1882-ലെ സെക്ഷൻ 54 അനുസരിച്ച്, രജിസ്റ്റർ ചെയ്ത വിൽപ്പന ആധാരത്തിലൂടെ മാത്രമേ സ്ഥാവര സ്വത്തിൻ്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനാകൂ എന്ന് കോടതി വ്യക്തമാക്കി. രജിസ്റ്റർ ചെയ്യാത്ത ഒരു കരാര്‍ നടപ്പിലാക്കിയാൽ പോലും, വാങ്ങുന്നയാൾക്ക് ഉടമസ്ഥാവകാശം നൽകാൻ കഴിയില്ല. ൽക്കാനുള്ള കരാറിൽ വാടകയ്ക്ക് നൽകിയ മുഴുവൻ വസ്തുവും ഉൾക്കൊള്ളുന്നില്ല, അത് രജിസ്റ്റർ ചെയ്ത വിൽപ്പന ആധാരമായി മാറിയിട്ടുമില്ല, അതുകൊണ്ട് വാടകക്കാരന് ഉടമസ്ഥാവകാശം ലഭിക്കുന്നില്ലെന്നും കോടതി കണ്ടെത്തി.

ഈ കരാർ ഉണ്ടായിരുന്നിട്ടും വാടക തുടർന്നും നൽകിയതും, നിലവിലുള്ള വാടകക്കാരനെന്ന ടൈറ്റിൽ ഉറപ്പിക്കപ്പെടുന്നു എന്നും കോടതി നിരീക്ഷിച്ചു. അതിനാൽ നിയമപരമായ ഉടമസ്ഥൻ്റെ അവകാശം നിലനിൽക്കുന്നുവെന്നും ഹൈക്കോടതി സ്ഥിരീകരിച്ചു. റെൻ്റ് കൺട്രോളറുടെ മുൻ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, വാടകയ്ക്ക് കൊടുത്ത വസ്തു ഒഴിപ്പിക്കാൻ തുടർ നടപടികൾക്കായി ഉടമസ്ഥനോടും വാടകക്കാരോടും ഷിംലയിലെ റെൻ്റ് കൺട്രോളർക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചു.