ഒഡീഷയിൽ വനിതാ അഗ്രിക്കൾച്ചർ ഓഫീസറായ നിഹാരിക ദലൈയെ (30) വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ മകളെ സ്കൂളിൽ വിട്ട ശേഷം വീട്ടിൽ തിരിച്ചെത്തിയതായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭുവനേശ്വർ: വാടക വീട്ടിൽ വനിതാ അഗ്രിക്കൾച്ചർ ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ ഭദ്രകിൽ ആണ് ഈ ദാരുണമായ സംഭവം. നിഹാരിക ദലൈ (30) ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ബസുദേവ്പൂരിൽ ബ്ലോക്ക് അഗ്രിക്കൾച്ചറൽ ഓഫീസറായി (ബിഎഒ) സേവനമനുഷ്ഠിച്ചു വരികയായിരുന്നു നിഹാരിക. 7 വയസുകാരിയായ മകളോടൊപ്പം ബാലിനഗറിലെ വാടക വീട്ടിലാണ് നിഹാരിക താമസിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിഹാരിക അവധിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ മകളെ സ്കൂളിൽ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് കടയിൽ പോയിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാൽ, പിന്നീട് വന്ന ഫോൺ കോളുകൾക്കൊന്നും നിഹാരിക പ്രതികരിച്ചിട്ടില്ല.
രാവിലെ വീട്ടിൽ പാൽ കൊടുക്കുന്നയാൾ ഒരുപാട് നേരം തട്ടി വിളിച്ചിട്ടും നിഹാരിക വാതിൽ തുറന്നില്ല. ഇതോടെ ഇയാൾ വീട്ടുടമസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുടമസ്ഥനും ഏറെ നേരം ശ്രമിച്ച ശേഷം ബസുദേവ്പൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഭദ്രക് സദർ എസ്ഡിപിഒ ബിചിത്രാനന്ദ സേഥിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പൂട്ടിയിട്ട വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ വീടിനുള്ളിൽ നിഹാരികയുടെ മൃതദേഹം ഏപ്രണിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഭുവനേശ്വറിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന സത്യബ്രത പാധിയാണ് യുവതിയുടെ ഭർത്താവ്.
യുവതിയുടെ മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ബസുദേവ്പൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ-ചാർജ് ലോപമുദ്ര നായക് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


