വിമാനം ഇടിച്ചിറങ്ങിയ മേഘാനി ന​ഗറിലെ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ തന്റെ സ്വന്തം അമ്മയുടെയും രണ്ട് വയസുള്ള മകളുടെയും മൃതശശരീരം തിരഞ്ഞ് നടക്കുകയാണ് രവി എന്ന യുവാവ്.

അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം അപകടത്തിന്റെ ഞെട്ടലിലാണ് ലോകം. ഇതേ സമയം വിമാനം ഇടിച്ചിറങ്ങിയ മേഘാനി ന​ഗറിലെ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ തന്റെ സ്വന്തം അമ്മയുടെയും രണ്ട് വയസുള്ള മകളുടെയും മൃതശശരീരം തിരഞ്ഞ് നടക്കുകയാണ് രവി എന്ന യുവാവ്. കോളേജ് ഹോസ്റ്റലിലെ മെസിൽ ഭക്ഷണം ഉണ്ടാക്കുന്ന വയെധികയെയും കൊച്ചു കുഞ്ഞിനെയുമാണ് ഇനിയും തിരിച്ചറിയാതെ തുടരുന്നത്.

മെഡിക്കൽ വിദ്യാർത്ഥികൾക്കും പ്രൊഫസർമാർക്കും ഉച്ചഭക്ഷണം പാകം ചെയ്യുന്നയാളാണ് മരിച്ച ഷാർലബെൻ താക്കൂർ. ഇവരുടെ രണ്ട് വയസുള്ള കൊച്ചു മകൾ ആധ്യയും ഇക്കൂട്ടത്തിലുണ്ട്. ഹോസ്റ്റലിൽ തയ്യാറാക്കുന്ന ഭക്ഷണം കോളേജിലെത്തിച്ച് വിതരണം ചെയ്യുന്നത് മകനായ രവിയാണ്. അപകടം നടക്കുന്ന സമയത്ത് കോളേജ് ഹോസ്റ്റലിൽ അമ്മയും കുഞ്ഞും ഭക്ഷണം പാകം ചെയ്യുകയായിരുന്നു. അപകടം നടന്ന് ഒരു ദിവസത്തിന് ശേഷവും അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ഡോക്ടർമാർ പരിശോധന നടത്തി വരികയാണ്. തക‌ർന്ന കെട്ടിടത്തിനിടയിൽ കൂടുതൽ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി വരികയാണ്.

അപകടം നടക്കുമ്പോൾ രവി സിവിൽ ആശുപത്രിയിൽ ടിഫിൻ ബോക്സുകൾ വിതരണം ചെയ്യുകയായിരുന്നുവെന്ന് പറഞ്ഞതായി എൻഡിടിവി റിപ്പോ‌ർട്ട് ചെയ്തിട്ടുണ്ട്. ജൂൺ 12 ഞങ്ങൾക്ക് ഒരു പതിവ് ദിവസമായിരുന്നു. എല്ലാ ദിവസവും പോലെ, ആശുപത്രി ജീവനക്കാർക്കും ഹോസ്റ്റലിനും ഭക്ഷണം എത്തിക്കാൻ ഞാൻ ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെട്ടു. എന്നാൽ തിരിച്ചെത്തുന്ന വഴിയിൽ ഒരു വിമാനം മെസ്സിലേക്ക് ഇടിച്ചുകയറിയതായി അറിഞ്ഞു. എന്റെ അമ്മ സാധാരണയായി ഇരിക്കുന്ന സ്ഥലം പൂർണമായും കത്തി നശിച്ചെന്നും രവി പറഞ്ഞു. തന്റെ ഡിഎൻഎ സാമ്പിൾ നൽകിയിട്ടുണ്ടെന്നും അമ്മയുടെയും മകളുടെ മൃതദേഹം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും രവി കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് അവരെക്കുറിച്ച് ഒന്നും അറിയില്ല. എവിടെയാണ് ഞാനവരെ അന്വേഷിക്കേണ്ടത്? 72 മണിക്കൂ‌ർ കാത്തിരിക്കാൻ പറഞ്ഞിട്ടുണ്ട്. അപകട സ്ഥലം മുഴുവൻ തിരഞ്ഞെന്നും രവി പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 1:38 ന് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയ‌ർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമായിരുന്നു തക‌ർന്നു വീണത്. 10 ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരുമുൾപ്പെടെ 242 പേരാണ് യാത്രയിൽ ഉണ്ടായിരുന്നത്. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്ന വിമാനം 32 സെക്കൻഡിനുള്ളിൽ തകർന്നുവീണു. ബ്രിട്ടീഷ്-ഇന്ത്യൻ യാത്രക്കാരനായ വിശ്വാഷ് കുമാർ രമേശ് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.