ഇപിഎസിനെ സംബന്ധിച്ച് പാർട്ടിയിൽ സമ്പൂർണ വിജയമാണിത്. അദ്ദേഹത്തിന്റെ അനുയായികൾ പാർട്ടി ആസ്ഥാനത്തടക്കം ആഘോഷം തുടങ്ങി

ദില്ലി: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയിലെ അധികാര തർക്കത്തിൽ മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തിന് കനത്ത തിരിച്ചടി. പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി ഇടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്തത് സുപ്രീം കോടതി ശരിവെച്ചു. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ പനീർസെൽവം പക്ഷം നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 

YouTube video player

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. പാർട്ടിയുടെ നിയമാവലിയിൽ ജനറൽ കൗൺസിൽ വരുത്തിയ ഭേദഗതിയിലൂടെയാണ് എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായത്‌. പനീർസെൽവം വഹിച്ചിരുന്ന പാർട്ടി കോ-ഓർഡിനേറ്റർ സ്ഥാനം ഭരണഘടന ഭേദഗതിയിലൂടെ ഇല്ലാതാക്കി. ഇതിനു പുറമെ ജോയിന്റ് കോ-ഓർഡിനേറ്റർ പദവിയും ഇരട്ട നേതൃസ്ഥാനവും അവസാനിപ്പിക്കാനുള്ള തീരുമാനവും ജനറൽ കൗൺസിൽ കൈകൊണ്ടിരുന്നു. സുപ്രീം കോടതിയുടെ വിധിയിലൂടെ ഈ തീരുമാനങ്ങൾ അംഗീകരിക്കപ്പെടുകയാണ്.

ഇപിഎസിനെ സംബന്ധിച്ച് പാർട്ടിയിൽ സമ്പൂർണ വിജയമാണിത്. അദ്ദേഹത്തിന്റെ അനുയായികൾ പാർട്ടി ആസ്ഥാനത്തടക്കം ആഘോഷം തുടങ്ങി. കേസിൽ കക്ഷി ചേരാൻ താത്പര്യം അറിയിച്ചുള്ള മറ്റ് ഹർജികളൊന്നും സുപ്രീം കോടതി പരിഗണിച്ചില്ല.