എഐഡിഎംകെ - ബിജെപി ബന്ധം ഉപേക്ഷിച്ചു; തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കും
അണ്ണാദുരൈയേയും ജയലളിതയേയും വരെ ബിജെപി അധിക്ഷേപിച്ചെന്ന് കുറ്റപ്പെടുത്തിയാണ് എഐഎഡിഎംകെ മുന്നണി വിട്ടത്. പ്രവർത്തകരുടെ വികാരം മാനിച്ചുള്ള തീരുമാനമെന്ന് പ്രമേയവും പാസാക്കി.
ചെന്നൈ: എഐഎഡിഎംകെ - ബിജെപി ബന്ധം ഉപേക്ഷിച്ചു. ചെന്നൈയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. വരുന്ന തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാനാണ് തീരുമാനം. അണ്ണാദുരൈയേയും ജയലളിതയേയും വരെ ബിജെപി അധിക്ഷേപിച്ചെന്ന് കുറ്റപ്പെടുത്തിയാണ് എഐഎഡിഎംകെ മുന്നണി വിട്ടത്. പ്രവർത്തകരുടെ വികാരം മാനിച്ചുള്ള തീരുമാനമെന്ന് പ്രമേയവും പാസാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുമായുള്ള വാക്പോരിന് ഒടുവിലാണ് സഖ്യം വിടാനുള്ള എഐഎഡിഎംകെ തീരുമാനം. അണ്ണാദുരൈയേയും ജയലളിതയേയും വരെ അധിക്ഷേപിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷനെ നിയന്ത്രിക്കാൻ കേന്ദ്ര നേതൃത്വം ഒരുക്കമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രഖ്യാപനം. രണ്ട് കോടിയിലധികം വരുന്ന പ്രവർത്തകരുടെ വികാരം മാനിച്ചുള്ള തീരുമാനം എന്ന് നേതൃയോഗം പ്രമേയം പാസ്സാക്കി. തീരുമാനത്തിൽ പിന്നാലെ എഐഎഡിഎംകെ ആസ്ഥാനത്ത് പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.
Also Read: 'ഇനി വിഷമിപ്പിക്കില്ല'; കോൺഗ്രസുകാര്‍ക്ക് പ്രയാസമുണ്ടാകുന്ന കാര്യങ്ങൾ ചെയ്യില്ലെന്ന് വി ഡി സതീശൻ
പുതിയ മുന്നണി രൂപീകരിച്ച് ലോക്സഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എഐഎഡിഎംകെ പ്രഖ്യാപിച്ചതിടെ സംസ്ഥാനത്ത്
ത്രികോണ പോരാട്ടം ഉറപ്പായി. 2019ൽ എന്‍ഡിഎ സഖ്യത്തിൽ മത്സരിച്ച പിഎംകെ, തമിഴ് മാനില കോൺഗ്രസ്, വിജയകന്തിന്റെ ഡിഎംഡികെ തുടങ്ങിയ പാർട്ടിക്കളെ ഒപ്പം നിർത്താൻ ബിജെപിയും എഐഎഡിഎംകെയും ഒരുപോലെ ശ്രമിക്കും. ശക്തമായ തീരുമാനമെടുക്കാൻ കെല്പുള്ള നേതാവെന്ന് ഇപിഎസ് തെളിയിച്ചതായി എഐഎഡിഎംകെ അണികൾ വാദിക്കുമ്പോൾ ദേശീയ തലത്തിൽ എന്‍ഡിഎയിലെ ഏറ്റവും വലിയ സഖ്യകക്ഷിയെ നഷ്ടമാകുന്നത് ബിജെപിക്ക് ക്ഷീണമാണ്. എന്നാൽ ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയിലെ എല്ലാ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിലും ബിജെപിയുടെ തന്ത്രങ്ങൾ ഉണ്ടായിരുന്നതിനാൽ ഭാവിയിൽ എന്ത് സംഭവിക്കുമെന്നത് പ്രവാചനാതീതമാണ്.