ചെന്നൈ: രാജ്യം കൊവിഡ് 19 വൈറസിനെ നേരിടേണ്ടി വരുന്നത് ഹിന്ദു ആചാരങ്ങളെ പരിഹസിച്ചത് കൊണ്ടാണെന്ന പ്രഖ്യാപനം നടത്തിയ തമിഴ്നാട് മന്ത്രിക്കെതിരെ കര്‍ശന നടപടി. ക്ഷീര വികസന മന്ത്രിയായ കെ ടി രാജേന്ദ്ര ബാലാജിയെയാണ് എഐഎഡിഎംകെയുടെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയത്. മന്ത്രിയുടെ വിവാദ പ്രസ്താവന നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് പാര്‍ട്ടി നടപടി.

വിരുത്നഗര്‍ ജില്ലാ സെക്രട്ടറി പദവിയില്‍ നിന്നാണ് രാജേന്ദ്ര ബാലാജിയെ നീക്കിയത്. എഐഎഡിഎംകെ കോഓഡിനേറ്റര്‍ ഒ പനീര്‍സെല്‍വം, ജോയിന്‍റ് കോ ഓഡിനേറ്റര്‍ എടപ്പാടി പളനിസ്വാമി എന്നിവരാണ് തീരുമാനം പ്രഖ്യാപിച്ചത്. മന്ത്രിയുടെ പ്രസ്താവനയെ ഇവര്‍ രൂക്ഷമായി അപലപിച്ചു. ഇതിന് മുന്‍പും നിരവധി വിവദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള മന്ത്രിയാണ് രാജേന്ദ്ര ബാലാജി. 

ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും പരിഹസിച്ചതിന് ലഭിച്ച ശിക്ഷയാണ് കൊറോണ് വൈറസ് എന്നായിരുന്നു ഞായറാഴ്ച രാജേന്ദ്ര ബാലാജി നടത്തിയ ട്വീറ്റ്. ഞായറാഴ്ചയാണ് വിവാദ ട്വീറ്റ്. തുടര്‍ച്ചയായി ഇത്തരം നടപടികളില്‍ ഏര്‍പ്പെടുന്ന രാജേന്ദ്ര ബാലാജിക്കെതിരായി നടപടിയെടുത്തത് പാര്‍ട്ടിയില്‍ പനീര്‍ സെല്‍വത്തിനും പളനി സ്വാമിക്കും സ്ഥാനം ഉറപ്പിക്കുന്നതിനായുള്ള നടപടിയായും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.