അപമാനം സഹിക്കേണ്ട ആവശ്യമില്ല, ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ
കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരു പാർട്ടികളുടെയും നേതാക്കൾ തമ്മിൽ സംസ്ഥാനത്ത് വാക്പോര് നടന്നുവരുന്നുണ്ടായിരുന്നു

ചെന്നൈ: രാജ്യത്ത് എൻഡിഎയുടെ പ്രധാന സഖ്യകക്ഷികളിൽ ഒന്നായ അണ്ണാ ഡിഎംകെ മുന്നണി ബന്ധം അവസാനിപ്പിക്കുന്നു. തമിഴ്‌നാട്ടിൽ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് തീരുമാനം. ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പാർട്ടി വക്താവ് ഡി ജയകുമാർ ചെന്നൈയിൽ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ പ്രസ്താവനകളെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാ ഡിഎംകെ ഇല്ലെങ്കിൽ ബിജെപിക്ക് തമിഴ്നാട്ടിൽ നോട്ടയ്ക്ക് കിട്ടേണ്ട വോട്ട് പോലും കിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരു പാർട്ടികളുടെയും നേതാക്കൾ തമ്മിൽ സംസ്ഥാനത്ത് വാക്പോര് നടന്നുവരുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെയുടെ പ്രധാന നേതാവ് സി ഷൺമുഖത്തിനെതിരെ അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് അഴിമതി നടത്തിയെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷൻ ഉന്നയിച്ചിരുന്നു. തുടർച്ചയായി അണ്ണാമലൈ തങ്ങളുടെ നേതാക്കളെ അപമാനിക്കുന്നുവെന്നും ഇനിയും ഇത്തരത്തിൽ അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാ ഡിഎംകെ നേതാക്കൾ പറയുന്നു.
മുന്നണി ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം പാർട്ടി നേതൃത്വത്തിന്റേതാണെന്ന് ജയകുമാർ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സംസ്ഥാനത്ത് എൻഡിഎ സഖ്യത്തിൽ ഭിന്നതയുണ്ടാവുന്നത്. തമിഴ്നാട്ടിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോവുകയാണ് ബിജെപി. അതിനിടെ ഉണ്ടായ ഈ ഭിന്നിപ്പ് ദേശീയ നേതൃത്വത്തിനും തലവേദനയാണ്.
Asianet News | Nipah Virus | Nipah Virus Kerala | Asianet News Live