Asianet News MalayalamAsianet News Malayalam

സർവർ ഹാക്കിംഗ്: വിവരങ്ങൾ വീണ്ടെടുക്കാനായെന്ന് എയിംസ്

ആശുപത്രി സേവനങ്ങൾ മാന്വൽ രീതിയിൽ കുറച്ച് ദിവസം കൂടി തുടരുമെന്നും സൈബർ സുരക്ഷക്കായി നടപടികൾ സ്വീകരിച്ചുവെന്നും എയിംസ്

AIIMS can recover data after server hacking
Author
First Published Nov 29, 2022, 10:00 PM IST

ദില്ലി : എയിംസ് സർവർ ഹാക്കിംഗിൽ പുറത്തുവരുന്നത് ആശ്വാസ വാർത്ത. കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന വിവരങ്ങൾ വീണ്ടെടുക്കാനായെന്ന് എയിംസ് വൃത്തങ്ങൾ അറിയിച്ചു. ആശുപത്രി സേവനങ്ങൾ മാന്വൽ രീതിയിൽ കുറച്ച് ദിവസം കൂടി തുടരുമെന്നും സൈബർ സുരക്ഷക്കായി നടപടികൾ സ്വീകരിച്ചുവെന്നും എയിംസ് വ്യക്തമാക്കി. ഹാക്കിംഗിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

അഡ്മിഷൻ, പരിശോധന റിപ്പോർട്ട് തയ്യാറാക്കൽ, ബില്ലിംഗ് നടപടികൾ എല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. മാന്വൽ രീതിയിൽ ഈ പ്രവർത്തനങ്ങൾ നടത്തുന്നത് ഫലപ്രദമാകുന്നില്ലെന്നാണ് രോഗികളും, കൂട്ടിരിപ്പുകാരും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 

സര്‍വറുകള്‍ ഹാക്ക് ചെയ്തിട്ട് ഒരാഴ്ചയോളമായി. നാല് കോടിയോളം വരുന്ന ദില്ലി എയിംസിലെ രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നേക്കാമെന്ന ഭീതിക്കിടെയാണ് കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന വിവരങ്ങൾ വീണ്ടെടുക്കാനായെന്ന് അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരടക്കം നിരവധി വിവിഐപികളുടെ ചികിത്സാ വിവരങ്ങള്‍ ദില്ലി എയിംസ് ആശുപത്രിയുടെ സർവറിലുണ്ട്. വാക്സീന്‍ പരീക്ഷണത്തിന്‍റെ നിര്‍ണ്ണായക വിവരങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 

സര്‍വര്‍ തകരാര്‍ എന്നാണ് ആദ്യം എയിംസ് അധികൃതര്‍ പറഞ്ഞത്. എന്നാൽ സംഭവത്തിന്‍റെ ഗൗരവം കൂടുതല്‍ ബോധ്യമായതോടെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ദില്ലി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രാഥമികാന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ സൈബര്‍ തീവ്രവാദം തന്നെ നടന്നിരിക്കാമെന്ന നിഗമനത്തിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ. കൂടുതല്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ഏല്‍പിക്കുകയായിരുന്നു.

എയിംസിലെത്തി എന്‍ഐഎ വിവരങ്ങള്‍ ശേഖരിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക വിഭാഗം അന്വേഷണം നിരീക്ഷിക്കുന്നുണ്ട്. സര്‍വറുകള്‍ ഒരാഴ്ചയായി തകരാറിലായതോടെ അഡ്മിഷന്‍, പരിശോധന റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ബില്ലിംഗ് അടക്കമുള്ള നടപടികള്‍ തകിടം മറിഞ്ഞു. മാന്വല്‍ രീതി ഫലപ്രദമാകുന്നില്ലെന്നും വലിയ പ്രതിസന്ധി നേരിടുകയാണെന്നും രോഗികളും കൂട്ടിരിപ്പുകാരും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read More : എയിംസ് സർവർ ഹാക്കിങ്: ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റി, പ്രതിസന്ധിയിൽ രോഗികളും കൂട്ടിരിപ്പുകാരും

Follow Us:
Download App:
  • android
  • ios